മാവേലി മന്നനെ വരവേൽക്കാൻ നാടും നഗരവും ഒന്നുപോലെ ഒരുങ്ങിക്കഴിഞ്ഞു. പടിവാതിൽക്കലെത്തിനിൽക്കുന്ന തിരുവോണത്തെ ആഘോഷമാക്കിത്തീർക്കാൻ ഓരോ മലയാളിയും സജ്ജമായിക്കഴിഞ്ഞു. അവശേഷിക്കുന്നത് അവസാനഘട്ട ഒരുക്കങ്ങളാണ് എത്രതന്നെ ഒരുക്കങ്ങൾ പൂർത്തിയായാലും ഉത്രാടദിനത്തിൽ ഒരോട്ടപ്രദക്ഷിണം നടത്തിയാലേ മലയാളിയുടെ ഓണം പൂർത്തിയാക്കുള്ളൂ. സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങളും വസ്ത്രങ്ങളും ഓണക്കാലത്ത് ഏറ്റവും അധികം വിൽക്കപ്പെടുന്ന ദിവസം കൂടിയാണ് ഈ ഉത്രാടനാൾ.
ചിങ്ങത്തിലെ ഉത്രാടം പായാനുള്ളതാണ്.ആ പാച്ചിലിനായി തെരുവോരങ്ങളും അങ്ങാടികളും നിറയാൻ തുടങ്ങി. വിപണികൾ സജീവമായി.എന്തു കാര്യമായാലും അവസാന മണിക്കൂറിൽ ഓടി പാഞ്ഞ് നടന്ന് വാങ്ങിയില്ലേ ഒരു സുഖം കാണില്ല. പച്ചക്കറികളും സദ്യവട്ടത്തിന് ഒരുക്കാനുള്ള വിട്ടുപോയ സാധനങ്ങളുമൊക്കെയാണ് ഇന്ന് പ്രധാനമായും വാങ്ങുക. ഉപ്പുതൊട്ട് കർപ്പൂരം വരെ ഓണത്തിനാവശ്യമായതെല്ലാം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് ഉത്രാടദിനത്തിലാണ്.
ഇന്ന് നേരം പുലരുവോളം വിപണികളിലൊന്നും സൂചികുത്താനിടം കാണില്ല അത്ര തിരക്കായിരിക്കും. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നതും ഇന്നാണ്. അത്തം മുതൽ ഓണം വരെയുള്ള ദിവസങ്ങളിൽ ഏ്ററ്റവും തിരക്കുള്ള ദിവസം ഇന്നാണ്.അത്തം തുടങ്ങി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൂക്കൾ വിറ്റു പോകുന്നത് ഉത്രാട നാളിലാണ് വിപണികളിൽ മാത്രമല്ല വീടുകളിലും ഇന്ന് ആകെ ബഹളമയമായിരിക്കും നാളത്തേക്കുള്ള സദ്യവട്ടത്തിന്റെയും പൂക്കളത്തിന്റെയും തിരക്ക്. ചുരുക്കിപ്പറഞ്ഞ ഉത്രാടപാച്ചിലിന്റന്ന് നെട്ടോട്ടട്ടമോടാത്ത മലയാളികൾ ചുരുക്കമാകും. ലോകം എത്രതന്നെ ഹൈ ടെക് ആയാലും ഉത്രാട പാച്ചിലിനൊരുമാറ്റവുമില്ല.