പാടം പൂത്തകാലം…

    0

    കർക്കിടകത്തിന്റെ കറുത്തപുടവമാറ്റി മാനം വെള്ളപൂവാട ചാർത്തുമ്പോൾ മനസും ശരീരവും കാലെടുത്തുവെക്കുന്നത് പൂക്കളാൽ സമൃദ്ധമായ ഒരോണക്കാലത്തിലേക്കാണ്. മുറ്റത്തും തൊടിയിലും വഴിയരികിലും വേലിപൊത്തിലുമെല്ലാം ചെറുതുവലുതുമായ പേരറിയാവുന്നതും അറിയാത്തതുമായി നൂറുകൂട്ടം ചെടികൾ പൂക്കളുമേന്തി ഓണത്തിന്റെ വരവുമറിയിച്ചങ്ങനെ നിൽക്കുന്നുണ്ടാകും.

    പണ്ടൊക്കെ നമ്മുടെ കുട്ടിക്കാലത്ത് അത്തം തുടങ്ങി പത്തുദിവസം പിന്നെ ഈ വേലിപൊത്തിലെല്ലാം ഓടിക്കേറി കയ്യിട്ട് പൂപറിച്ച് കൈമുട്ടുപൊട്ടത്ത മുള്ളുകേറി കയ്യിൽ ചോരപൊടിയാത്ത ഒരു പുലർക്കാലം പോലും കാണില്ല. എന്നാൽ ഇന്നും ഇത്തരം മനോഹരമായ കാഴ്ചകളൊന്നും നമ്മെവിട്ടു പോയിട്ടില്ല. നാട്ടിടവഴികളിലും വീട്ടുമുറ്റത്തും ഇപ്പഴും കാണും കാഴ്ചയുടെ നിറവസന്തം തീർത്ത് ഈ പൂക്കളെല്ലാം.

    എന്നാല്‍ തമിഴ്നാടിന്റെ പടിയിറങ്ങി കേരളത്തിന്റെ മുറ്റത്ത്‌ എത്തുന്ന,ചെത്തിയും, ജമന്തിയും, മല്ലികയും സീനിയയുമെല്ലാം കേരളക്കരയാകെ നാടെന്നോ നഗരമെന്നോ ബേധമില്ലാതെ ഓണപ്പൂക്കളം തീർക്കുമ്പോൾ നാം മറന്നുപോവുകയാണ് നമ്മുടെയീ സ്വന്തം പൂക്കളെ.

    ഒരുകാലത്തു കേരളത്തിന്റെ ഇടനാഴികളിൽ പൂക്കളങ്ങൾ സമൃദ്ധമായി നിറച്ച ഒരുകൂട്ടം പൂക്കളുണ്ടായിരുന്നു ചുവന്നുതുടുത്തു നിൽക്കുന്ന ചെമ്പരത്തി കാൽപാദങ്ങളെ ഓർമ്മപ്പെടുത്തുന്ന തുമ്പപ്പൂ,കൃഷ്ണമുടി,വയലറ്റ് നിറത്തിൽ പടർന്നുകിടക്കുന്ന കാക്കപ്പൂ പൊൻതിളക്കമുള്ള അരളിപ്പൂക്കൾ,യക്ഷി മുറുക്കിത്തുപ്പിയ തെച്ചി പൂക്കൾ, പൊൻ തകര,കണ്ണാന്തളി പൂക്കൾ, ഇളംവയലറ്റു നിറത്തിലുള്ള തൊട്ടാവാടി പൂ, നന്ദ്യാർവട്ടം, മഞ്ഞയും വെള്ളയും നിറത്തിൽ പൂത്തു പന്തലിച്ചു നിൽക്കുന്ന മന്ദാരങ്ങൾ, ശംഖുപുഷ്പം,മുക്കുറ്റി,സുന്ദരീ പൂ, നിത്യവും പൂക്കുന്ന നിത്യ കല്യാണി,അങ്ങനെ പോകുന്ന പൂക്കളുടെ ഒരു വൻ നിരതന്നെ ഉണ്ട്.

    എന്നാൽ ഇവയെല്ലാം ഇന്ന് നമ്മടെ പൂക്കളങ്ങളിൽ നിന്നും അന്യം നിന്ന് പോയി പകരം പത്തും പതിനായിരവും കൊടുത്ത് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഇറക്കുമതിചെയ്യുന്ന പൂക്കളാണ് അരങ്ങുവാഴുന്നത്. മലയാളിയുടെ ഓണം പോലെ സുന്ദരമായൊരു കാഴ്ച വിരളമാണെന്നു തന്നെ പറയാം പൂക്കളും പൂവിളിയുമായി കുരുന്നുകൾ പൂമ്പാറ്റകളെ പോലെ പാറിനടക്കുന്ന കാഴ്ച മലയാളിക്ക് മാത്രം സ്വന്തമായതാണ്.

    പുതിയ കാലത്തിന്റെ ഓണം ഓഫറുകളുടെ ഓണമാണ്. എങ്കിലും നമ്മുടെ മലയാളക്കരയിലെവിടെയൊക്കയോയോ ഇപ്പഴും ഓണക്കോടിക്കും, ഓണപ്പാട്ടിനും, ഓണസദ്യയെക്കുമൊപ്പം മേമ്പൊടിയായി പൂക്കളമൊരുക്കാൻ ഈ നാടൻ പൂക്കളുമുണ്ട്.