തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കിത്തീർക്കാൻ ദീപം കൊളുത്തി, സമ്മാനങ്ങള്‍ കൈമാറിയും മധുരം പങ്കുവച്ചും നാടും നഗരവും ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ദീപാവലി നല്കുന്ന സന്ദേശം.
14 വര്‍ഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നും ശ്രീകൃഷ്ണന് നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്ന് മറ്റൊരു പക്ഷം. കഥകള്‍ക്കപ്പുറം ഒരു ജനതയെ ഒറ്റ കുടക്കീഴിലെത്തിക്കുന്ന നന്മയുടെ വെളിച്ചം പരത്തുന്ന ഉല്‍സവം തന്നെയാണ് ദീപാവലി.
ആശ്വനി മാസത്തിലെ കൃഷ്ണപക്ഷ(കറുത്തവാവിലെ)ചതുര്‍ദ്ദശിയാണ് ദീപാവലിയായി ഭാരതത്തിലാഘോഷിക്കുന്നത്.മലയാളത്തിലത് തുലാമാസത്തിലാഘോഷിക്കുന്നു. അജ്ഞാനത്തില്‍ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്,അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്ക് എന്നതിന്റെ പ്രതീകമായി ദീപങ്ങള്‍ നിറയുന്ന ത്രിസന്ധ്യ.
എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുര പലഹാരങ്ങള്‍ വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍ എന്നിവയെല്ലാം ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. രാത്രിയെ പകലാക്കി ആകാശത്ത് വര്‍ണ്ണങ്ങള്‍ നിറയുന്ന ദീപാവലി ഉത്സവം തലേദിവസം രാത്രി മുതല്‍ ആരംഭിക്കും. ഉത്തരേന്ത്യയിലാണ് ദീപാവലി ആഘോഷങ്ങള്‍ പ്രധാനമായും കൊണ്ടാടാറുള്ളത്.