ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് പാലക്കാട് ജില്ല സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം സ്വന്തമാക്കുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്. 951 പോയിന്റോടെയാണ് പാലക്കാട് സ്വർണ കപ്പ് നേടിയത്.
തൊട്ടു പിന്നിൽ രണ്ടു പോയിന്റ് വ്യത്യാത്യാസത്തിൽ (949) കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശ്ശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് ഒന്നാമത്. അടുത്ത കലോത്സവം കൊല്ലത്ത് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പോയിന്റു നില: 1 പാലക്കാട് – 951, 2 കോഴിക്കോട് – 949, കണ്ണൂർ – 949, 3 തൃശൂര്‍ – 940, 4. മലപ്പുറം – 909, 5. എറണാകുളം – 904, 6. തിരുവനന്തപുരം – 898 7. കോട്ടയം – 894, 8. കാസര്‍കോട് – 875, 9. വയനാട് – 874, 10. ആലപ്പുഴ – 868, 11 കൊല്ലം – 860, 12. പത്തനംതിട്ട – 773, 13. ഇടുക്കി.
സംസ്കൃതോൽസവത്തിൽ എറണാകുളവും തൃശൂരും 95 പോയിന്റുകൾ വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിന്റുമായി കാസർകോടിനാണ് രണ്ടാം സ്ഥാനം. അറബിക് കലോൽസവം 95 പോയിന്റുകകൾ തന്നെ നേടി പാലക്കാടും കണ്ണൂരും കാസർകോടും കോഴിക്കോടും ഒന്നാം സ്ഥാനത്തെത്തി. 93 പോയിന്റുകളുമായി വയനാടാണ് രണ്ടാം സ്ഥാനത്ത്. എച്ച്എസ്എസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയത് ആലപ്പുഴ മാന്നാർ എൻഎസ് ബോയ്സ് എച്ച്എസ്എസ് ആണ്. പാലക്കാടു നിന്നുള്ള ആലത്തൂർ ബിഎസ്എസ്ഗുരുകുലം ഹയർ സെക്കന്ററി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ഹൈസ്കൂൾ വിഭാഗത്തിൽ 73 പോയിന്റുകളുമായി പാലക്കാട് ജില്ലയിൽ നിന്നുള്ള ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയത്. 66 പോയിന്റുകളുമായി കോഴിക്കോടുനിന്നുള്ള സിൽവർ ഹിൽസ് എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്.
12 വർഷത്തിനു ശേഷമായിരുന്നു കഴിഞ്ഞ വർഷം പാലക്കാടിന്റെ കിരീട നേട്ടം. അതിനു മുമ്പുള്ള വർഷങ്ങളിലെല്ലാം കോഴിക്കോട് കൈവശം വച്ചിരിക്കുകയായിരുന്നു കലാ കിരീടം. ഇതിനിടെ 2015ൽ പാലക്കാടും കോഴിക്കോടും കിരീടം പങ്കുവയ്ക്കുന്ന സാഹചര്യമുണ്ടായി.