കാഴ്ച പരിമിതിയുള്ളവർക്ക് നല്ലൊരു ചങ്ങാതിയാകും സ്മാർട്ട് ഫോൺ; കാഴ്ച പദ്ധതി ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു

0

കാഴ്ച പരിമിതിയുള്ളവർക്ക് കൈപിടിച്ച് നടക്കാൻ ഒരു ചങ്ങാതിയെ പോലെ സ്മാർട്ട് ഫോൺ ഉപകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.  സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാർട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  കാഴ്ചയുള്ള ഒരാൾ ഫോൺ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റുന്ന പ്രത്യേക ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടാണ് ഫോണുകൾ ലഭ്യമാക്കുന്നത്.  പ്രോഗ്രാം ചെയ്ത് വച്ചാൽ നടന്നു പോകുമ്പോൾ തടസങ്ങളുണ്ടെങ്കിൽ തിരിച്ചറിയാനും സാധിക്കും.  ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവർക്ക് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


സ്മാർട്ട് ഫോണുകൾ എല്ലാ ജില്ലകളിലും വിതരണം ചെയ്ത് പരിശീലനം നൽകും. പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷി മേഖലയിൽ ചെയ്ത മികച്ച പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്‌കാരം കേരളത്തിന് ലഭിച്ചത്.  സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയർ പദ്ധതിയിലൂടെ വിവിധ സഹായമാണ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് മുച്ചക്രവാഹനങ്ങളാണ് നൽകിയത്. മൂന്ന് കോടി ചെലവഴിച്ച് ഏറ്റവും ആധുനികമായ സഹായ ഉപകരണ ഷോറൂം തുറക്കും. പാവപ്പെട്ടവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങാൻ സഹായവും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ സ്വാഗതവും മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻ കുട്ടി റിപ്പോർട്ടും അവതരിപ്പിച്ചു. മേയർ കെ. ശ്രീകുമാർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, കോർപറേഷൻ ഡയറക്ടർമാരായ ഒ. വിജയൻ, കെ.ജി. സജൻ, ഗിരീഷ് കീർത്തി, മുൻ ഡയറക്ടർ കൊറ്റാമം വിമൽകുമാർ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സംസ്ഥാന സെക്രട്ടറി സി. സജീവൻ എന്നിവർ സംസാരിച്ചു.