ലക്നൗ: സുപ്രീം കോടതി ഉത്തരവ് പ്രകാരം അയോധ്യയില്‍ പള്ളി പണിയുന്നതിന് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്. വഖഫ് ബോര്‍ഡ് ചെയര്മാന് സഫര്‍ ഫാറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഞങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ല. സ്വീകരിക്കില്ലെന്ന് പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. ഭൂമി സ്വീകരിക്കാതിരിക്കാൻ ഞങ്ങൾക്ക് അവകാശമില്ല. അങ്ങനെ ചെയ്താൽ അത് കോടതിയലക്ഷ്യമാകും. ഇതുമായി ബന്ധപ്പെട്ടുള്ള അടുത്ത നടപടി ഈ മാസം 24ന് യോഗം ചേർന്ന് തീരുമാനിക്കും’-ഫാറൂഖി പറഞ്ഞു.
അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയമെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറിൽ പ്രസ്താവിച്ചു. പകരം മുസ്ലിങ്ങൾക്ക് അയോദ്ധ്യയിൽ തന്നെ അവർ പറയുന്ന സ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നും വിധിച്ചിരുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സോഹാവാലില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍ വിധിക്കു ശേഷം ഇതുവരെ ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരുന്നില്ല.