കൊറോണ; ഇറാന്‍, ദക്ഷിണ കൊറിയ സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് നിയന്ത്രണമേര്‍പ്പെടുത്തി

0

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറാനിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് നിയന്ത്രണമേര്‍പ്പെടുത്തി. ഇറാനില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യരുതെന്ന് ദോഹയിലെ ഇറാന്‍ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

നിലവില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കര്‍ശനമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനകളുമാണ് ഖത്തര്‍ നടപ്പാക്കുന്നത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ടെഹ്റാനിലേക്കുള്ള സര്‍വീസ് ചുരുക്കുകയും ബാക്കി മൂന്ന് വിമാനത്താവളത്തിലേക്കുള്ളവ നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നുവന്നാണ് അറിയിപ്പ്.

ടെഹ്റാനിലേക്ക് ആഴ്ച്ചയില്‍ ഇരുപത് സര്‍വീസുകളുണ്ടായിരുന്നത് ഏഴ് സര്‍വീസുകളാക്കി ചുരുക്കി. മാര്‍ച്ച് പതിനാല് വരെയാണ് നിയന്ത്രണമുണ്ടാവുക. ദക്ഷിണ കൊറിയയിലേക്കുള്ള സര്‍വീസുകളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.അതത് രാജ്യങ്ങള്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് കാരണമാണ് സര്‍വീസ് റദ്ദാക്കുന്നതെന്നും ഇത് മാറുന്നതോടെ സര്‍വീസ് പുനരാരംഭിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

ഇറാനില്‍ നിന്ന് ആരും ഖത്തറിലേക്ക് യാത്ര ചെയ്യരുതെന്ന് ഖത്തറിലെ ഇറാന്‍ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍ സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ നിലവില്‍ പതിനാല് ദിവസത്തെ നിരീക്ഷണത്തിലാണ്.

ഇതുവരെ രാജ്യത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുമ്പോഴും ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും കര്‍ശനമായ പരിശോധനകളുമാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്.