ഞങ്ങള്‍ ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്

0

റോം: കഴിഞ്ഞ ഒന്നര ദിവസത്തോളമായി ഇറ്റലിയിലെ റോം വിമാനത്താളവത്തില്‍ നാട്ടിലേക്ക് വരാനാവാതെ ഇറ്റലിയിലെ റോം വിമാനത്താളവത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മലയാളികള്‍. 40 പേര്‍ ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. വിളിക്കുന്നവരില്‍ മിക്കവരും സഹായിക്കാമെന്ന് പറയുന്നുണ്ടെങ്കിലും നാട്ടിലെത്താന്‍ യാതൊരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന് യാത്രക്കാരിലൊരാളാൾ ഒരു പ്രമുഖമാധ്യമത്തോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രത്യേക ടീമിനെ ഇറ്റലിയിലേക്കയക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഒരു അറിയിപ്പും ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലന്ന് ഇയാൾ പറഞ്ഞു.

മൂന്ന് ചെറിയ കുട്ടികളും ഒരു ഗര്‍ഭിണിയും ഇവിടെയുണ്ട്. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല. ഇതുവരെ ആര്‍ക്കും യാതൊരുവിധ ആസുഖവുമില്ല. നാട്ടിലുള്ളവർ ഇറ്റലിയിലുള്ള ഞങ്ങളെ ഭീതിയോടെയാണ് കാണുന്നത്. എന്നാൽ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. തിരിച്ചെത്തിയ ശേഷം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്ലാ പരിശോധനകള്‍ക്കും തയ്യാറാണെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആറ്, ഏഴ് പേര്‍ ബോര്‍ഡിങ് പാസ് എടുത്ത ശേഷമാണ് യാത്ര വിലക്കുള്ള കാര്യം എമിറേറ്റ്‌സ് അധികൃതര്‍ അറിയിക്കുന്നത്. കൊറോണ ബാധയില്ലെന്ന സാക്ഷ്യപത്രം വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. എന്നാല്‍ അതിനുള്ള സംവിധാനങ്ങളൊന്നും ഇവിടെ ലഭ്യമല്ല എന്നും ഇവർ വ്യക്തമാക്കി.

സഹായത്തിനായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വരെ ബന്ധപ്പെട്ടിരുന്നു. എന്നിട്ടും രക്ഷപ്പെടാനുള്ള മാര്‍ഗമില്ല. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് യാത്ര വിലക്ക്. ഇത് ദൗര്‍ഭാഗ്യകരമാണ്. മറ്റു രാജ്യങ്ങളിലെ യാത്രക്കാരെല്ലാം ഞങ്ങളുടെ മുന്നിലൂടെ യാത്ര ചെയ്യുകയാണ്.

നാട്ടിലേക്ക് വിമാനം കയറുകയല്ലാതെ തിരിച്ചുപോകാന്‍ ആര്‍ക്കും നിവര്‍ത്തിയില്ല. ഇറ്റലിയിലെ താമസസ്ഥലം ഒഴിഞ്ഞാണ് മിക്കവരും വിമാനത്താവളത്തിലെത്തിയതെന്നും ഇവർ വ്യക്തമാക്കി. വളരെ പെട്ടന്ന് തന്നെ നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവിടെ കുടുങ്ങിയിരിക്കുന്ന 40 മലയാളികളും.