ന്യൂയോർക്ക് ∙ ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5.31 ലക്ഷം പിന്നിട്ടു. 24,058 പേര് മരിക്കുകയും ചെയ്തു. ഇതിൽ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. ഏറ്റവും കൂടൂതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അമേരിക്ക മുന്നിലെത്തി. 86,197 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്.
85,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ച യുഎസ് ആണ് ഇപ്പോൾ മുന്നിൽ. 81,340 പേരാണു ചൈനയിൽ കോവിഡ് ബാധിച്ചവർ. 80,000ലേറെ പേരുമായി ഇറ്റലിയും 57,000ലേറെ രോഗികളുമായി സ്പെയിനും കോവിഡിനോടു മല്ലിടുകയാണ്.
ലോകത്തു കോവിഡ് മരണം 24,071 ആയി. 8215 പേർ ഇറ്റലിയിലും 4365 പേർ സ്പെയിനിലും 3292 പേർ ചൈനയിലും 2234 പേർ ഇറാനിലും 1696 പേർ ഫ്രാൻസിലും 1293 പേർ യുഎസിലും മരണപ്പെട്ടു. ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. വിവിധ സംസ്ഥാന സർക്കാരുകൾ സ്ഥിരീകരിച്ച കണക്കു കൂടി ചേരുമ്പോൾ എണ്ണം 694 ആകും. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ (137); തൊട്ടുപിന്നിൽ മഹാരാഷ്ട്ര (125).
യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സ്പെയിനിലാണ്. കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ എല്ലാം നിർത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശത്തുള്ള അമേരിക്കൻ സൈനികർക്ക് 60 ദിവസത്തേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി. അടച്ചുപൂട്ടൽ സമയം കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമായ പരിശീലനം നൽകി നിയോഗിക്കാൻ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന നിദേശിച്ചു. വൈറസ് വ്യാപനം തടയാൻ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളർ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ തുടക്കമിട്ടു.