സിംഗപ്പൂരിൽ കോവിഡ് ബാധിച്ചു കഴിയുന്ന ഇന്ത്യൻ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു നൽകി പ്രധാനമന്ത്രി ലീ സിയാൻ ലൂങ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പു നൽകിയത്. സിംഗപ്പൂർ സ്വദേശികൾക്ക് ലഭിക്കുന്ന അതേ ശ്രദ്ധയും പരിഗണനയിൽ ചികിത്സയുടെ കാര്യത്തിൽ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ സിംഗപ്പൂരിന് നൽകിയ സംഭാവനയെ ലീ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അനുസ്മരിച്ചു. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ലോക്ക് ഡൗൺ നടപ്പിലാക്കുന്നത് ലളിതമായ തീരുമാനമല്ലെന്നും ലീ അഭിപ്രായപ്പെട്ടു.
അതോടൊപ്പം ഇന്ത്യയിൽ കുടുങ്ങിയ സിംഗപ്പൂർ സ്വദേശികളെ തിരിച്ചെത്തിക്കാൻ സഹായങ്ങൾ നൽകിയതിലുള്ള നന്ദിയും അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം 12000 കടന്ന സിംഗപ്പൂരിൽ രോഗികളിൽ ഭൂരിഭാഗവും കുറഞ്ഞ വേതനത്തിൽ പണിയെടുക്കുന്ന തൊഴിലാളികളാണ്. അതിൽ തന്നെ വലിയൊരു ശതമാനം മലയാളികളടങ്ങുന്ന ഇന്ത്യൻ സമൂഹമാണ്. ഇത്തരത്തിൽ മൂന്നു ലക്ഷത്തോളം കുടിയറ്റതൊഴിലാളികൾ സിംഗപ്പൂരിലെ ഡോർമറ്ററികളിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
കോവിഡ് കാലത്ത് ഡോർമറ്ററികളിൽ കഴിയുന്ന ഇവർക്ക് വേണ്ട ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ സിംഗപ്പൂർ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി ഇന്ത്യക്കാർ ജോലിചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ കുടിയേറ്റത്തൊഴിലാളികൾക്ക് യാതൊരു പരിഗണനയും സഹായവും നൽകാതിരിക്കുന്ന സാഹചര്യത്തിൽ സിംഗപ്പൂർ സർക്കാരിന്റെ നടപടികൾ പ്രശംസനീയമാണ്.