വയനാട്: പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാര്‍ ക്വാറന്റൈനില്‍. മലപ്പുറം, കണ്ണൂര്‍ ജില്ലക്കാരായ രണ്ട് പൊലീസുകാര്‍ക്ക് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പൊലീസുകാരാണ് ക്വറന്റൈനില്‍ പ്രവേശിച്ചത്. എല്ലാവരുടെയും സാമ്പിൾ നേരത്തെ പരിശോധനയ്ക്ക് അയച്ചിരുന്നു. സംസ്ഥാനത്താദ്യമായാണ് പോലീസുദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ പി.പി.ഇ കിറ്റ് ധരിച്ച രണ്ട് പൊലീസുകാര്‍ മാത്രമായിരിക്കും സ്റ്റേഷനില്‍ ഉണ്ടാവുക. സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകുകയില്ല. നാളെ സ്റ്റേഷൻ സമ്പൂർണമായി അണുവിമുക്തമാക്കും. പരാതികൾ നൽകാൻ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയിൽ വഴിയും പരാതി നല്‍കാവുന്നതാണ്. അഡീഷണൽ എസ്പിക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.
ചെന്നൈയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറില്‍ നിന്നാണ് പൊലീസുകാര്‍ക്ക് രോഗം പിടിപ്പെട്ടതെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം 26നാണ് ട്രക്ക് ഡ്രൈവര്‍ ചെന്നൈയില്‍ നിന്നും തിരികെ എത്തിയത്. പത്ത് പേര്‍ക്കാണ് ഡ്രൈവറില്‍ നിന്ന് കൊവിഡ് പിടിപ്പെട്ടത്.
ബുധനാഴ്ച ട്രക്ക് ഡ്രൈവറുടെ മകള്‍ക്കും മകളുടെ കുട്ടിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഡ്രൈവറുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്കും സഹഡ്രൈവറുടെ മകനും സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. വയനാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോയമ്പേട് മാർക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം ഇന്നത്തോടെ പത്തായി ഉയർന്നു.