ന്യൂഡല്‍ഹി: രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുളള സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്). കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്.
നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതൽ. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. നിലവിൽ മരണ നിരക്ക് കുറവാണ്. ഇതുവരെ പരമാവധി നിയന്ത്രണത്തിലാണ് കാര്യങ്ങൾ. സംസ്ഥാനങ്ങൾ കർശന നിയന്ത്രണം തുടരണം, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും ഐസിഎംആർ അറിയിച്ചു. രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലാണ് രോഗമുക്തരുടെ എണ്ണം. ഇതുവരെ 1.40 ലക്ഷം പേരാണ് രോഗമുക്തി നേടിയത്.
നിലവിൽ ചികിത്സയിലുള്ളവർ 1.37 ലക്ഷം. ആയിരത്തിലേറെപ്പേർക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ ഗുജറാത്തും രാജസ്ഥാനുമാണ് രോഗമുക്തിയിൽ മുന്നിൽ. ഗുജറാത്തിൽ 87 % പേർ ആശുപത്രി വിട്ടു; രാജസ്ഥാനിൽ 74 %. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ രോഗമുക്തർ 46.96 %. നേരത്തെ രോഗമുക്തിയിൽ മുന്നിലായിരുന്നെങ്കിലും കേരളത്തിൽ നിലവിലെ നിരക്ക് 41.8 %.
സംസ്ഥാനങ്ങള്‍ നല്കുന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം രോഗികളുടെ എണ്ണവും മരണനിരക്കും സംബന്ധിച്ച ഡേറ്റ തയ്യാറാക്കുന്നത്. മരണനിരക്ക് കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടോ മൂന്നോ ദിനം എടുക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ കണക്കുകളിലും അതുസംബന്ധിച്ച വ്യതിയാനങ്ങള്‍ ഉണ്ടാകും. കണ്ടെയ്ന്മെന്റ് സോണുകളുമായി ബന്ധപ്പെട്ട പഠനം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച പഠനം തുടരുന്നു എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.