വിമാനം വഴി വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം; നിലപാടിലുറച്ച് സർക്കാർ

0

തിരുവനന്തപുരം∙ പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്താന്‍.

ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ നിര്‍ദേശം. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്. 1000 രൂപയാണു നിരക്ക്.

വിമാനങ്ങളിൽ വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയില്ലെങ്കില്‍ രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയാക്കും. എംബസികളില്‍ ട്രൂനെറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ളഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക.

പ്രവാസികൾക്ക് കോവിഡില്ലെന്ന രേഖ വന്ദേഭാരത് മിഷനിൽ വരുന്നവർക്കും വേണമെന്ന് മന്ത്രി ഇ.പി.ജയരാജൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രോഗം ഉള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നും മന്ത്രി പറയുന്നു. വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ കോവിഡ് ബാധിതരല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ പുറത്തുനിന്ന് വരുന്നവര്‍ക്ക് രോഗബാധ കൂടുതലായി കൂടുതലായി കാണുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും രോഗപരിശോധന നടത്തണമെന്ന നിലപാട് ഉറപ്പാക്കിയത്.