തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കണ്ടെത്തിയ സംഭവത്തിൽ സിബിഐ അടക്കം ഏത് അന്വേഷണത്തിനും സർക്കാരിനു സമ്മതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനില്ല. അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുന്നു. ഏത് ഏജൻസി അന്വേഷിക്കണമെന്ന് കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസിൽ സംസ്ഥാന സർക്കാരിനു ഏജൻസികളെ തീരുമാനിക്കാനാകില്ല. വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ ആരോപണവിധേയയായ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലെ കള്ളക്കടത്തുമായി സംസ്ഥാന സർക്കാരിന് എങ്ങനെയാണ് ബന്ധം വരുന്നത്. രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങളും കേന്ദ്രസർക്കാരിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടായാൽ ഇടപെടാൻ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സംവിധാനം ഉണ്ട്. സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. കള്ളക്കടത്ത് തടയാനാണ് കസ്റ്റംസിനെ വിന്യസിച്ചിരിക്കുന്നത്. ആ പ്രവർത്തനത്തെ പരാജയപ്പെടുത്തി കള്ളക്കടത്ത് നടത്താറുണ്ട്. സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിക്കല്ല പാഴ്സൽ വന്നത്, യുഎഇ കോൺസുലേറ്റിലേക്കാണ്. പാഴ്സൽ വാങ്ങാന് വന്നത് കോൺസുലേറ്റിൻറെ അധികാരപത്രം ഉപയോഗിച്ചാണ്. സംസ്ഥാന സർക്കാരിന് എങ്ങനെയാണ് ഇതിൽ റോൾ വരുന്നതെന്നു മുഖ്യമന്ത്രിആരാഞ്ഞു.
വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഇവിടെ ഐടി വകുപ്പുമായും ഇവർക്ക് നേരിട്ട് ബന്ധമില്ല. ഇവർക്ക് ഐടി വകുപ്പിന് കീഴിലെ ഒരു പ്രോജക്ടിൽ കരാർ ജോലിയാണ് ഈ വനിതയ്ക്ക്. മാർക്കറ്റിംഗ് ചുമതലയാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഇത് കരാർ അടിസ്ഥാനത്തിലാണ്. ശ്രദ്ധിക്കേണ്ടത് ഇവരെ ജോലിക്ക് എടുത്തത് ഈ പ്രോജക്ട് മാനേജ്മെന്റ് നേരിട്ടല്ല. ഇവരെ ജോലിക്ക് എടുത്തത് പ്ലേസ്മെന്റ് ഏജൻസി വഴിയാണ്. ഇത്തരം പ്രോജക്ടുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത് അസ്വാഭാവികമല്ല. പല പ്രോജക്ടുകളിലും ഇത്തരം ജോലിക്കെടുക്കൽ നടക്കാറുണ്ട്. അതിന് ഇവരുടെ ഇപ്പോഴത്തെ ചരിത്രമല്ല, മുമ്പത്തെ ചരിത്രം നോക്കുമ്പോൾ എടുത്തവർ പ്രവർത്തനപരിചയം കണക്കാക്കിയിരിക്കാം. അതിൽ സർക്കാരിന് ഒരു പങ്കുമില്ല. പ്രവർത്തനപരിചയം യുഎഇ കോൺസുലേറ്റിലും എയർ ഇന്ത്യ സാറ്റിലുമാണ്. ഇത് സംസ്ഥാനസർക്കാർ സ്ഥാപനങ്ങളല്ല. ഇതൊന്നും സർക്കാർ അറിവോടെയല്ല. ഇവരുടെ നിയമനത്തിൽ ശുപാർശയുണ്ടോ എന്ന് അറിയില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പുമുണ്ടായിട്ടില്ല. കേരളസർക്കാർ ഏജൻസിക്ക് വേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല. കേരളസർക്കാരിന് ഇതിൽ ഉത്തരവാദിത്തമില്ല. സ്വർണക്കടത്ത് നടന്നെന്നതും കസ്റ്റംസ് കണ്ടെത്തി എന്നതും ആരാണ് ഇതിന് പിന്നിൽ എന്നത് കണ്ടെത്തണം എന്നതും ശരി. ഇതിൽ സർക്കാരിന് ഉത്തരവാദിത്തമില്ല. ഇത്തരം ആളുകളെ സംരക്ഷിക്കാൻ കേരളസർക്കാർ ഒരു നിലപാടും എടുക്കില്ല. ഒരു കുറ്റവാളിയെയും അതാരായാലും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. അതിനാലാണ് ഇന്നലെത്തന്നെ പറഞ്ഞത് കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.