മനസ്സിനിണങ്ങിയ മംഗല്യപട്ടും സ്വപ്നം കണ്ടു കഴിയുന്ന മലയാളി പെണ്‍കുട്ടികള്‍ക്ക് മധുരസ്വപ്നങ്ങള്‍ ഏകാന്‍ ചിലര്‍ എത്തുമ്പോള്‍, വഴിമാറുന്ന മറ്റു ചില ജീവിതങ്ങളെക്കുറിച്ച് ഒരുപാടു നമ്മള്‍ കേട്ടിരിക്കും. ഇനിയും കേള്‍ക്കും. അത് അങ്ങിനെ കേട്ടുകൊണ്ടേയിരിക്കും. ചിലത് നമ്മെ അലോസരപ്പെടുത്തും. അപ്പോഴും നമുക്കിടയിലെ ചിലര്‍ കിനാവിന്റെ ജാലകം ഇങ്ങനെ മെല്ലേ മെല്ലേ തുറന്നിട്ട്, തങ്ങളെ വിണ്ണില്‍ നിന്നും ഇറങ്ങിവന്ന താരങ്ങളെപ്പോലെ അണിയിച്ചൊരുക്കാന്‍ ആരെയെങ്കിലും കാത്തിരിക്കുകയാവും.
സത്യം പറഞ്ഞാല്‍ എന്റെ സ്വപ്നത്തിലെ മംഗല്യപ്പട്ട് ഇന്ന നിറത്തിലായിരിക്കണം, ഈ കടയില്‍ നിന്നായിരിക്കണം എന്നൊക്കെ ഓര്‍ത്ത് അന്തംവിട്ടിരിക്കുന്ന പെണ്ണുങ്ങള്‍ കേരളത്തില്‍ എണ്ണത്തില്‍ എത്ര വരും? വളരെ തുച്ഛമായിരിക്കും ആ സംഖ്യ എന്നത് ഉറപ്പാണ്. മറിച്ച് ഈ നാട്ടിലെ പകുതിയോളം പെണ്‍പിള്ളേരെങ്കിലും ഇത്തരം പട്ടുസാരികള്‍ വില്‍ക്കുന്ന കടകളിലെ സെയില്‍സ് ഗേളുകളാണ് എന്നതാണ് വാസ്തവം. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും സപ്തവര്‍ണങ്ങളില്‍ നെയ്തെടുത്തവയായിരിക്കില്ല. അവര്‍ക്ക് പറയാന്‍ ഒരു സാരിയുടെ കഥ മാത്രമാവില്ല. അവരുടെ നിദ്രകളില്‍ കിനാവിന്റെ ജാലകമാവില്ല. കൂട്ടായി വരിക മധുരസ്വപ്നങ്ങളാവില്ല. പകരമായി അവര്‍ പറയുന്നത് സ്വപ്നങ്ങള്‍ വില്‍ക്കുന്ന കടകളിലെ എരിയുന്ന ജീവിതമായിരിക്കും.
കഴിഞ്ഞ മെയ്ദിനത്തോടനുബന്ധിച്ച് ‘പെണ്‍കൂട്ട്’ കോഴിക്കോട് സംഘടിപ്പിച്ച കൂട്ടായ്മയില്‍ അവരുടെ പറച്ചില്‍ നേര്‍ക്കു നേര്‍ കേട്ടു. കാല്‍പ്പനികതയുടെ ഇത്തിരി സ്പര്‍ശം പോലുമില്ലാത്ത ജീവിതത്തിന്റെ തീപ്പടര്‍പ്പുകളായിരുന്നു അവരുടെ വാക്കുകളില്‍. സ്വന്തം അനുഭവങ്ങള്‍, സഹജീവികളുടെ അനുഭവങ്ങള്‍ അവര്‍ പറയുമ്പോള്‍ ഉള്ളിലൂടെ പല വട്ടം അമ്പരപ്പിന്റെ മിന്നല്‍ പാഞ്ഞു.
നഗരത്തിലെ പ്രമുഖ ടെക്സ്റൈല്‍സ് ഷോറൂമിലെ സെയില്‍സ് ഗേള്‍സായിരുന്നു അവര്‍. മൂന്ന് പെണ്‍കുട്ടികള്‍. ജീവിതത്തിന്റെ വാള്‍മുനയില്‍ നടന്നു നടന്ന് കാലുകള്‍ മുറിഞ്ഞു കീറിയവരുടെ നിസ്സഹായമായ ദൈന്യതയായിരുന്നു അവരുടെ വാക്കുകളില്‍. ‘ഇതൊന്നും ആരോടും പറയാന്‍ പറ്റില്ല’ എന്ന മുഖവുരയോടെയാണ് അവര്‍ പറയാന്‍ തുടങ്ങിയത്.