തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കിൽ പോയ നാട്ടുകാരനാണ് റോഡരികിൽനിന്നു ജയഘോഷിനെ കണ്ടെത്തിയത്. തുമ്പയിലെ ഭാര്യവീട്ടിൽ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു.
കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. പരിക്ക് ആഴത്തിലുള്ളതല്ല. ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയഘോഷിന് ഉണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് പൊലീസിനോട് പറഞ്ഞു.
തിരുവനന്തപുരം എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഘോഷ് മൂന്നു വർഷമായി യു എ ഇ കോൺസുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുമായും സരിത്തുമായും ഘോഷ് ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.