ദുബായിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവ്

0

ദുബായ് : മലയാളി യുവതിയെ ദുബായിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻനായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യു ഗേഷിനെയാണ് (43) ദുബായ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും (25 വർഷം) അതിന് ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ.

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യ ജോലിചെയ്യുന്ന അൽ ഖൂസിലെ ഓഫീസിലെത്തിയായിരുന്നു കൊലപാതകം. മാനേജരുടെ മുന്നിൽവെച്ച് യുഗേഷ് വിദ്യയെ ആലിംഗനംചെയ്തതിന്റെ പേരിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്തായിരുന്നു യുഗേഷ് കുത്തിയത്. മൂന്നുപ്രാവശ്യം കുത്തേറ്റ വിദ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊലയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ നിമിഷങ്ങൾക്കകം ജെബൽഅലിയിൽനിന്ന് പോലീസ് പിടികൂടി. വിദ്യയുടെ കമ്പനി ഉടമ തമിഴ്‌നാട് സ്വദേശി ശുഭരാജാണ് കേസിൽ ഒന്നാംസാക്ഷി. ഫെബ്രുവരി 13-നായിരുന്നു കേസിൽ വിചാരണ ആരംഭിച്ചത്.

16 വർഷം മുൻപ് വിവിഹിതരായ ഇരുവരും തമ്മിൽ ആദ്യകാലം മുതലേ സ്വരച്ചേർച്ചയിലായിരുന്നില്ല. കൊലയ്ക്ക് 11 മാസം മുൻപായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്. യുഗേഷിൽനിന്ന് ഒരു സഹായവും കുടുംബത്തിന് ലഭിച്ചിരുന്നില്ല. അതോടെയാണ് തിരുവനന്തപുരത്തെ ചെറിയ ജോലി ഉപേക്ഷിച്ച് വിദ്യ ദുബായിൽ ജോലിക്ക് ശ്രമിച്ചത്. പ്രായമായ അച്ഛനും അമ്മയും രണ്ട് പെൺമക്കളുമാണ് വിദ്യയ്ക്കുള്ളത്. യുഗേഷിന് നാട്ടിൽ ബിസിനസായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കിൽനിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലായിരുന്നു. അതിനായിട്ടാണ് ഇവർ ദുബായിൽ ജോലിതേടിയെത്തിയത്. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്കൂള്‍ സംബന്ധമായ കാര്യങ്ങൾക്കായി ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് വിദ്യ നാട്ടിൽ പോയിരുന്നു.

ഒന്നിലേറെ തവണ പ്രതി വിദ്യയെത്തേടി സന്ദർശകവിസയിൽ ദുബായിലെത്തി. പലരീതിയിലും ശല്യമായതോടെ വിദ്യ ഒരിക്കൽ മൊബൈൽനമ്പർതന്നെ മാറ്റി. വിവാഹം കഴിഞ്ഞ് 16 വർഷത്തിനുശേഷവും അസഹനീയമാംവിധം പ്രയാസപ്പെടുത്തുന്ന രീതി അദ്‌ഭുതപ്പെടുത്തിയിരുന്നുവെന്ന് അജ്മാനിലുള്ള ഇവരുടെ ബന്ധു പറഞ്ഞു.

വിദ്യയുടെ മൂത്ത മകൾ ശ്രദ്ധയ്ക്ക് പ്ലസ് ടു കഴിഞ്ഞു. ഇളയമകൾ വരദ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടുപേരും വിദ്യയുടെ മാതാപിതാക്കളോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.