ആറന്മുള: വിമാനത്താവള നിര്‍മ്മാണത്തിനെതിരേ ശക്തമായ അഭിപ്രായം രേഖപ്പെടുത്തി സര്‍ക്കാരിന് സമര്‍പ്പിച്ച പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിച്ച നടപടിയിലെ പൊള്ളത്തരം തിരിച്ചറിയുക, വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറന്മുളയില് നൂറുകണക്കിന് നാട്ടുകാര്‍ പങ്കെടുത്ത പ്രകടനം നടന്നു.
ഇന്നലെ വൈകിട്ട് 6.15-ന് തറയില്‍ ജംഗ്്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ് പ്രസംഗിച്ചു. സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
തറയില്‍ ജംഗ്ഷനില്‍ പ്രകടനം അവസാനിച്ചപ്പോള്‍ വന്‍ ജനാവലി അവിടെ തടിച്ചുകൂടിയിരുന്നു. വിമാനത്താവളത്തിനെതിരെ നിലപാട് സ്വീകരിച്ച പരിസ്ഥിതി കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു. സമരം കൂടുതല്‍ ശക്തമാക്കാനും തീരുമാനമായി.
മുന്‍ മന്ത്രി വി.എം.സുധീരന്, എ.ഐ.സി.സി അംഗം പീലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ. റോയിസണ്‍ എന്നിവര്‍ക്കും പ്രകടനക്കാര്‍ അഭിവാദ്യം അര്‍പ്പിച്ചു.
അഞ്ഞൂറ്ഏക്കര്‍ വ്യവസായ മേഖലയായി നിലനിര്‍ത്തുമെന്നുള്ള സര്‍ക്കാര്‍ തീരുമാനം വിമാനത്താവളത്തിനുവേണ്ടിയല്ലെന്നും ഭൂമാഫിയയെ സഹായിക്കാനുള്ള ഗൂഢനീക്കം മാത്രമാണെന്നും നിയമസഭാ പരിസ്ഥിതി കമ്മിറ്റി സര്‍ക്കാരിനുസമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൈയേറിയ ഏക്കറുകണക്കിന് റവന്യൂഭൂമി തിരിച്ചുപിടിക്കാനും കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം വരുംദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് കെ. ഹരിദാസ്, പി.ആര്. ഷാജി, പ്രദീപ് അയിരൂര്‍, പി. ഇന്ദുചൂഡന് എന്നിവര്‍ അറിയിച്ചു.