കൊറോണ ജീവിതം, യുവാവിന്റെ കുറിപ്പ്‌ വൈറൽ

0

കോറോണ പോസറ്റീവ്‌ ആയതു മുതൽ മുക്തി നേടുന്നത്‌‌ വരെ‌ ഉള്ള യുവാവിന്റെ പോസ്റ്റ്‌ വൈറലാകുന്നു. ദിവാകൃഷ്ണ വിജയ്കുമാർ എഴുതിയ കുറിപ്പ്‌ വായിക്കാം.

പലരും പറയുകയുണ്ടായി അവരുടെ ഫ്രണ്ട് സർക്കിളിൽ ആദ്യമായി കൊറോണ പൊസിറ്റിവ് ആയ ആൾ ഞാൻ ആണെന്ന്..

അതുകൊണ്ട് എങ്ങനെയാണ് Quarantine അനുഭവം എന്ന് അറിയാൻ വേണ്ടി മാത്രം പലരും മെസ്സേജ് അയക്കുകയുണ്ടായി. എന്തായാലും എന്റെ അനുഭവം ഞാൻ ഇവിടെ പറയാം.. എല്ലാവർക്കും ഇതേ അനുഭവങ്ങൾ തന്നെ ആകണം എന്നില്ല.. എന്നാലും ഇത് എന്താണ് പരിപാടി എന്ന് പലർക്കും മനസ്സിലാക്കാൻ ഈ പോസ്റ്റ് ഉപകരിക്കും എന്ന് കരുതുന്നു..

രോഗ ലക്ഷണങ്ങൾ

പനി, ശരീരവേദന, ജലദോഷം, തലവേദന ഇത്രയും ബുദ്ധിമുട്ടുകളാണ് ഉണ്ടായിരുന്നത്. പുറത്തൊന്നും ഇറങ്ങാത്ത എനിക്ക് കൊറോണ വരാൻ ഉള്ള ഒരു സാധ്യതയും ഞാൻ കണ്ടില്ല എങ്കിലും ആണോ അല്ലയോ എന്ന് ഡെയ്‌ലി പേടിച്ച് ഇരിക്കുന്നതിനെക്കാൾ നല്ലത് ടെസ്റ്റ് ചെയ്ത് നെഗറ്റീവ്‌ ആയിട്ട് സ്വസ്ഥമായി ഇരിക്കുന്നതാണെന്ന് കരുതിയാണ് ടെസ്റ്റ് ചെയ്യാൻ പോകുന്നത്.

ടെസ്റ്റ്

സുഹൃത്ത് അരുൺ (AR UN) കോവിഡ് ബന്ധപ്പെട്ട സേവനങ്ങളിൽ ഏർപ്പെട്ടിരുന്ന വിവരം അറിയുന്ന കൊണ്ട് അവനെ തന്നെ വിളിച്ചു ടെസ്റ്റിന്റെ കാര്യങ്ങൾ ചോദിച്ചു. Containment Zone ആയ കാരണം തൽകാലം റാപ്പിഡ് ടെസ്റ്റ് ക്യാമ്പുകൾ നിർത്തി വച്ചിരിക്കുകയായിരുന്നതിനാൽ ഗവണ്മെന്റ് ആശുപത്രിയിൽ പോയി സ്വാബ് ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത് എന്ന് അവൻ പറയുകയും, അത് പ്രകാരം പിറ്റേ ദിവസം തന്നെ ഗവണ്മെന്റ് ആശുപത്രിയിൽ പോയി കോവിഡ് ഒപി എടുത്ത് ടെസ്റ്റ് ചെയ്യുന്ന കെട്ടിടത്തിന് മുന്നിൽ നിന്നു. സാമൂഹിക അകലം പാലിച്ചുള്ള ക്യൂ ആയിരുന്നു. ഡോക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു, പേര്, മേൽവിലാസം, രോഗ ലക്ഷണങ്ങൾ, കൊണ്ടാക്ടിൽ ഉള്ളവർ.. ഈ വിവരങ്ങളെല്ലാം ഒരു ഫോമിൽ ഫിൽ ചെയ്തു. 2 മണിക്കൂറിന് ശേഷമേ ടെസ്റ്റ് തുടങ്ങൂ എന്ന് അറിഞ്ഞതിനെ തുടർന്ന് ഞാൻ വീട്ടിൽ വരികയും 2 മണിക്കൂർ കഴിഞ്ഞു വീണ്ടും പോയി ടെസ്റ്റിന് കയറുകയും ചെയ്തു. ഒരു കട്ടിയുള്ള ഈർക്കിലോളം വണ്ണമുള്ള ട്യൂബ് മൂക്കിനുള്ളിലേക്ക് കടത്തി തലമണ്ട വരെ എത്തിച്ച്, അവിടെ ഒരു മൂന്ന് തിരി തിരിക്കും.. ഒരുമാതിരി ഇക്കിളിയും, തുമ്മലും, ചുമയും ഒക്കെ കൂടി ഒരുമിച്ച് വരുന്ന ടൈപ്പ് ഫീൽ ആണ് വേദന ഒന്നും ഉണ്ടാകില്ല. ടെസ്റ്റ് കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് തന്ന പരസിറ്റമോൾ, പിന്നൊരു വിറ്റാമിൻ ഗുളികയും വാങ്ങി ഞാൻ വീട്ടിലെത്തി.

സ്വാബ് ടെസ്റ്റ് ആയതിനാൽ മൂന്ന് ദിവസത്തിന് ശേഷമേ റിസൾട്ട് വരൂ.

റിസൾട്ട്

ടെസ്റ്റ് കഴിഞ്ഞു വീട്ടിലെത്തി വൈകുന്നേരം ആയപ്പോഴേക്കും രോഗ ലക്ഷണങ്ങൾ പതിയെ കുറഞ്ഞു വരുന്നതായി ഫീൽ ചെയ്തു. ഗുളികകൾ കഴിച്ചു, വിശ്രമിച്ചു. റിസൾട്ട് നെഗറ്റീവ്‌ ആകും എന്ന് ഉറപ്പായിരുന്നതിനാലും, പനിയും മറ്റ് അസ്വസ്ഥതകളും മറിയതിനാലും ഷോർട്ട് ഫിലിമിന്റെ ബാക്കി വർക്കുകൾക്ക് വേണ്ടി കൊച്ചിയിൽ പോകാനുള്ള പ്ലാനിങ് തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് ടെസ്റ്റ് കഴിഞ്ഞു രണ്ടാം ദിവസം കളക്ട്രേറ്റിൽ നിന്നാണെന്ന് പറഞ്ഞു വിളിച്ച് എന്റെ ഡീറ്റിയൽസും മറ്റും ചോദിക്കുന്നത്. അന്നേരം ചെറിയ ഒരു ഡൗട്ട് അടിച്ചു. എന്നാലും അന്ന് പിന്നീട് വിളികൾ ഒന്നും വന്നില്ല.

പിറ്റേ ദിവസം, അതായത് ടെസ്റ്റ് കഴിഞ്ഞു മൂന്നാം ദിവസം ഇതേ നമ്പറിൽ നിന്ന് വിളിക്കുകയും പോസിറ്റീവ് ആണെന്നും, മൂന്നാല് ദിവസത്തെക്കുള്ള തുണിയും മറ്റ് അത്യാവശ്യ സാധനങ്ങളും പാക്ക് ചെയ്ത് നിക്കുക, ആംബുലൻസ് വരും എന്നും, ബാക്കി വിവരങ്ങൾ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിളിച്ച് അറിയിക്കും എന്നും പറഞ്ഞു !!!

എനിക്ക് ചിരിയാണ് വന്നത്. വീടിന് പുറത്തിറങ്ങാത്ത എനിക്ക് കൊറോണ

തൊട്ട് പുറകെ പാറശ്ശാല പോലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുകയും വീട്ടിലുള്ളവർ, കൊണ്ടാക്ടിൽ ഉള്ള സുഹൃത്തുക്കൾ ഒക്കെ 14 ദിവസം Home Quarantine ൽ ഇരിക്കണം എന്ന് അറിയിച്ചു. അതിന് പിറകെ വാർഡ് മെമ്പർ നീല ചേച്ചി വിളിച്ചു. ടെൻഷൻ അടിക്കണ്ട, ഒരു പ്രശ്നവും ഇല്ല, അവിടത്തെ കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിരിക്കും, പുള്ളിക്കാരിയും മകളും Quarantine ൽ കഴിഞ്ഞതാണ്, കുഴപ്പമൊന്നുമില്ല എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു. അങ്ങനെ പോകാൻ തയ്യാറായി സാധങ്ങൾ ഒക്കെ പാക്ക് ചെയ്തു ഇരുന്നു.

കാത്തിരിപ്പ്

ഫോൺ വന്നിട്ട് ഏകദേശം 6 മണിക്കൂർ കഴിഞ്ഞു. ഒരു അപ്‌ഡേറ്റും ഇല്ല, ആംബുലൻസും ഇല്ല, ഹെൽത്തിൽ നിന്ന് വിളിയും ഇല്ല.. രാവിലെ ഇങ്ങോട്ട് വിളി വന്ന നമ്പറിൽ തിരിച്ചു വിളിച്ചു ചോദിച്ചു. കേസ് ഡീറ്റിയൽസ് ഈ ഏരിയയിലെ കൺവീനർക്ക് ഫോർവെർഡ് ചെയ്തിട്ടുണ്ട്, അവർ കോണ്ടാക്ട് ചെയ്ത്, കൊണ്ടു പൊക്കോളും എന്ന് പറഞ്ഞു. വീണ്ടും വെയിറ്റ് ചെയ്തു. രാവിലത്തെ വിളി വന്നിട്ട് ഏകദേശം 10 മണിക്കൂർ ആയി.. പിന്നീട് ആരും ഇതുവരെ വിളിച്ചിട്ടില്ല.. വരുമെന്നോ വരില്ലന്നോ ഒരു വിവരവും ഇല്ല. ബാഗും പാക്ക് ചെയ്ത് ഇരിക്കുകയാണ്. അങ്ങനെ അപ്പ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിജു മാമനെ വിളിക്കുന്നു, തുടർന്ന് പാർട്ടിയിലെ സുഹൃത്തുക്കൾ എന്നെ വിളിക്കുന്നു, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് അണ്ണൻ എന്നെ വിളിക്കുന്നു, മെമ്പർ വീണ്ടും വിളിക്കുന്നു, എം.എൽ.എ സി.കെ ഹരീന്ദ്രനെ അപ്പ വിളിക്കുന്നു, ഹെൽത്തിന്റെ ചുമതലയുള്ള ആൾ വിളിക്കുന്നു, എന്റെ പേരോ ഡിറ്റിയൽസോ ഒന്നും അവർക്ക് കിട്ടിയിട്ടില്ല എന്ന് പറയുന്നു, അങ്ങനെ ഒരു അര മണിക്കൂർ ആകെ ഒരു ബഹളം ആയിരുന്നു. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു കൃത്യമായി കാര്യം പറഞ്ഞു. കോവിഡ് ആംബുലൻസുകൾ എല്ലാം പല സ്ഥലങ്ങളിലായി ഓട്ടത്തിലാണ്, ഇപ്പൊ എന്തായാലും പുള്ളി തന്നെ ഒരു ആംബുലൻസ് ഏർപ്പാടാക്കി അര മണിക്കൂറിനുള്ളിൽ എന്നെ കൊണ്ട് പോകാനുള്ള ഏർപ്പാട് ചെയ്യാം, അതും ഇവിടെ അടുത്തുള്ള Qurantine Centre ലേക്ക് തന്നെ റെഡി ആക്കാം, അവിടെ ബെഡ് ഒഴിവുണ്ട്. വേറെ ഒരു പയ്യൻ കൂടി ഇതുപോലെ വെയ്റ്റ് ചെയ്ത് നിക്കയാണ്, അവനെയും എടുക്കണം അപ്പൊ അര മണിക്കൂറിൽ ആംബുലൻസ് വരും, റെഡി ആയി നിക്കുക.

യാത്ര

ആംബുലൻസ് വന്നു, ഡ്രൈവർ ചേട്ടൻ കൈ മുഴുവൻ സാനിട്ടൈസർ സ്പ്രേ ചെയ്തു. അതും തേച്ച് അകത്തേക്ക്. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മറ്റേ പയ്യനെ കൂടെ കേറ്റി നേരെ Quarantine Centre ലേക്ക്. ആംബുലൻസിനകത്തെ യാത്ര ഇത്തിരി ബുദ്ധിമുട്ടി. കാറ്റ് പോലും കടക്കാത്ത വിധം അടച്ചിട്ടുള്ളതിനാൽ ഒരുമാതിരി തോന്നിയിരുന്നു. സ്പീഡും കുലുക്കവും ഒക്കെ കൂടെ.. അടുത്തിരുന്ന പയ്യന് തലവേദന തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ. എന്തായാലും അധിക സമയം അങ്ങനെ ഇരിക്കേണ്ടി വന്നില്ല, പെട്ടെന്ന് തന്നെ സ്ഥലം എത്തി. സമയം രാത്രി പത്തര.

Quarantine Centre

ഒരു നാലടി മാറി ഡോക്ടറും മറ്റും നിന്നു, ഡീറ്റിയൽസ് ചോദിച്ചറിഞ്ഞു, സിംപ്റ്റംസ് ചോദിച്ചു, പനിക്ക് പരസിറ്റമോൾ, ജലദോഷത്തിന് ഒരു ഗുളിക, മൂക്കടപ്പിന് തുള്ളി മരുന്ന്. ഇത്രേം തന്ന് എന്നെ മുകളിലെ നിലയിലെ റൂമിലേക്ക് പറഞ്ഞയച്ചു.

ഒരു റൂമിൽ മൂന്ന് ബെഡ് ആണ് ഉള്ളത്. ആദ്യം തന്നെ ചാർജ് ചെയ്യാനുള്ള പ്ലഗ് ആണ് തപ്പിയത്. റൂമിനുള്ളിൽ ഇല്ല.

അവിടുത്തെ ഹോസ്റ്റൽ കെട്ടിടമാണ് Quarantine Centre ആയി സെറ്റ് ആക്കിയത് എന്ന് തോന്നുന്നു.

ചാർജ് ചെയ്യാൻ ഒരു വലിയ പ്ലഗ് ബോർഡ് കൊറിഡോറിൽ ഒരു കസേരയുടെ മുകളിൽ വച്ചിട്ടുണ്ട്.

ഓരോ ഫ്ലോറിന്റെയും അങ്ങേ അറ്റം ആറോളം പബ്ലിക് ടോയ്‌ലറ്റും, ബാത്റൂമും ഉണ്ട്.

നമുക്ക് ഇതൊന്നും ഒരു പ്രശ്‌നമേ അല്ലെങ്കിലും, സ്ത്രീകളും, വയസ്സായവരും ഒക്കെ ആണേൽ ഇത്തിരി ബുദ്ധിമുട്ട് ആണല്ലോ എന്നോർത്തു കൊണ്ട് ആരോ കിടന്നു പോയ ബെഡിൽ എന്റെ ബെഡ്ഷീറ്റ് വിരിച്ച് ഞാൻ കിടന്നു.

Quarantine ജീവിതം

ആദ്യ ദിവസം വളരെ ശോകം ആയിരുന്നു. എന്നാൽ രണ്ടാം ദിവസം മുതൽ അവിടവുമായി പൊരുത്തപ്പെടാൻ തുടങ്ങി, അന്ന് ചില ബന്ധുക്കളെ അവിടെ വച്ച് കണ്ടുമുട്ടുകയും, എല്ലാവരോടും സംസാരിക്കുകയും ഒക്കെ ചെയ്ത് അവിടെ അങ് സെറ്റ് ആയി. അവിടെ പോയ ആദ്യ ദിവസങ്ങളിലെല്ലാം രാവും പകലും മഴയോട് മഴ തന്നെ ആയിരുന്നു. രണ്ടാം ദിവസം എന്റെ കൂടെ ആംബുലൻസിൽ വന്ന പയ്യൻ റൂമിൽ ബോധംകെട്ട് വീഴുകയും അവനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അതൊരു ഞെട്ടൽ ആയിരുന്നു.

ദിവസവും നിരവധി ആംബുലൻസുകൾ വന്നു പോകുന്നത് മുകളിലെ നിലയിലെ എന്റെ റൂമിന്റെ ജനലിലൂടെ ഞാൻ കണ്ടു നിന്നു.

മൂന്നാം ദിവസം റൂം മേറ്റ് ആയിരുന്ന മാമൻ തന്റെ ജീവിത കഥ പറഞ്ഞു സങ്കടപ്പെട്ടു.. അന്ന് തന്നെ പുള്ളി നെഗറ്റീവ്‌ ആയി വീട്ടിൽ പോയത് ചില്ലറ പൊസിറ്റിവിറ്റി ഒന്നുമല്ല തന്നത്.

മുന്നേ എന്നാണോ ടെസ്റ്റ് ചെയ്തത് ആ ദിവസം മുതൽ പത്ത് ദിവസം ആകുമ്പോൾ ആണ് വീണ്ടും ടെസ്റ്റ് ചെയ്യുക. ഞാൻ എന്റെ പത്താം ദിവസവും കണക്കു കൂട്ടി കിടന്നു.

ലൂഡോ കളിക്കാൻ പഠിച്ചു, കൂട്ടുകാരോട് കൂടെ കളിച്ചു, “The Office” സീരീസ് കണ്ടു, ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്ന നേരം ചുമ്മാ ഇരുന്ന് പാട്ട് പാടി, വെറുതെ ജനലിലൂടെ ദൂരേക്ക് നോക്കി ഞാൻ ഇപ്പോൾ എന്തുകൊണ്ട് ഇവിടെ എന്നും, പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചും ചിന്തകളിൽ മുഴുകി.

നെഗറ്റീവ് ആയി പോയ പുള്ളിക്ക് പകരം വേറെ ഒരു മാമൻ വന്നു. റൂമിലെ മൂന്നാമത്തെ ആൾ ഇത്തിരി വയസ്സായ ഒരു അപ്പൂപ്പൻ ആയിരുന്നു. പുള്ളി ആദ്യം മുതലേ അസ്വസ്ഥൻ ആയിരുന്നു. മറ്റ് അസുഖങ്ങൾ ഒക്കെ ഉണ്ടായിരുന്ന കൊണ്ട് അദ്ദേഹത്തെ അന്ന് തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. അന്ന് തന്നെയാണ് അമ്മയും അനിയനും പോസിറ്റീവ് ആകുന്നതും ഇങ്ങോട്ടേക്ക് വരുന്നതും. അപ്പൂപ്പൻ പോയ ഒഴിവിൽ അനിയൻ എന്റെ റൂമിലേക്ക് വന്നു. അമ്മ തൊട്ടടുത്ത റൂമിലും ആയി. പിന്നങ്ങോട്ട് അവിടെ വീട് പോലെ ആയി.

ഞങ്ങൾ മാത്രമല്ല അവിടുള്ള ഭൂരിഭാഗം പേരും കുടുംബ സമേതം തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയസ്സായവർ വരെ എല്ലാ പ്രായത്തിലുള്ളവരും ഉണ്ടായിരുന്നു.

ചികിത്സ

എല്ലാവർക്കും അറിയുന്ന പോലെ ഈ രോഗത്തിന് പ്രത്യേകിച്ച് മരുന്നോ ചികിത്സയോ ഇല്ല. സിംപ്റ്റംസ് എന്താണോ അതിനുള്ള മരുന്ന് കഴിക്കുക. എല്ലാ ദിവസവും രാവിലെ ppi കിറ്റ് ഒക്കെ ധരിച്ച് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേര് വരും. വാതിലിന് പുറത്ത് നിന്ന് കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കും, എന്തേലും പ്രശ്നം ഉണ്ടേൽ അതിനുള്ള മരുന്ന് തരും. പിന്നെ ഡെയ്‌ലി ഓരോ മാസ്കും തരും. ആദ്യ മൂന്ന് ദിവസങ്ങൾക്ക് ശേഷം പിന്നെ ഞാൻ ഒരു മരുന്നും കഴിച്ചിട്ടില്ല.

ഭക്ഷണം

പ്രധാന ഹൈലൈറ്റ് ഇതാണ്. ഇജ്ജാതി ഫുഡ് .

രാവിലെ ഒരു ഒൻപത് മണി ആകുമ്പോൾ ഫുഡ് എത്തും. പാർസൽ ആണ്. താഴത്തെ നിലയിൽ സ്റ്റെപ്പ് അവസാനിക്കുന്നിടത്ത് ഒരു ഡെസ്ക്കിൽ ഭക്ഷണ പൊതികളും, ചായയുമായി ppi കിറ്റ് ധരിച്ച വോളന്റിയർമാർ ഫുഡ് വിതരണം ചെയ്യാൻ നിൽപ്പുണ്ടാകും.

സ്റ്റെപ്പിൽ ആണ് ക്യൂ. ക്യൂ നിന്ന് താഴെ ചെന്ന് റൂം നമ്പർ പറഞ്ഞു ഭക്ഷണപൊതിയും, ഗ്ലാസ്സിൽ ചായയും വാങ്ങാം.

നാടോടിക്കാറ്റിൽ ലാലേട്ടൻ പറയുന്ന പോലെ ഇന്ന് ദോശ ആണെങ്കിൽ നാളെ പുട്ട്, മറ്റന്നാൾ ഇഡലി, ഇടിയപ്പം, ചപ്പാത്തി എങ്ങനെ ഓരോ ദിവസം ഓരോന്നാണ്.

തുടർന്ന് ഒരു 11.30 ആകുമ്പോൾ ഗ്ലാസ്സുമായി പോയി പാലും പുഴുങ്ങിയ മുട്ടയും വാങ്ങാം. ചില ദിവസം കട്ടൻ ചായ ആയിരിക്കും.

എല്ലാ ദിവസവും ഉച്ചയ്ക്ക് ചിക്കൻ കൂട്ടി ചോറ്. ചില ദിവസം ചിക്കൻ ബിരിയാണി. ഇന്ന് ചിക്കൻ ഫ്രൈ ആണേൽ നാളെ കറി, പിറ്റേന്ന് ചിക്കൻ പെരട്ട്, ചിക്കൻ തോരൻ അങ്ങനെ അങ്ങനെ അങ്ങനെ..

വൈകുന്നേരം ഒരു അഞ്ച് അഞ്ചര ആകുമ്പോൾ ചായയും കടിയും. ചിലപ്പോൾ ഏത്തപ്പഴം ആയിരിക്കും.

രാത്രി ഒരു 7.30 കഴിയുമ്പോൾ ഫുഡ് എത്തും. ചപ്പാത്തി, ദോശ, ഇത് രണ്ടും ആണ് മെയിൻ. ഇതിങ്ങനെ ഓരോ ദിവസവും മാറി മാറി കിട്ടും. എന്നാലും ചപ്പാത്തി തന്നെയാണ് കൂടുതലും. തക്കാളി കറി, കടല കറി, മുട്ട കറി, അങ്ങനെ കറികളും ഓരോ ദിവസം ഓരോന്ന് ആകും.

എല്ലാം കിടിലൻ ഫുഡ്. ഒരു കുറ്റവും പറയാനില്ല. അതും കൃത്യം അളവില്. നമുക്ക് കൃത്യമായി തികയും, കളയാനും കാണില്ല.

വീണ്ടും ടെസ്റ്റ്

അങ്ങനെ എന്റെ പത്താം ദിവസം എത്തി. ഫോണിൽ വിളി വന്നു, ടെസ്റ്റ് ഉണ്ട് താഴേക്ക് ചെല്ലണം. ഈ ടെസ്റ്റിന് വേണ്ടി ക്യൂ നിന്നപ്പോൾ അനുഭവിച്ച ടെൻഷൻ. എന്റമ്മോ.. നേരത്തെ പറഞ്ഞ പോലെ മൂക്കിനുള്ളിൽ ട്യൂബ് കയറ്റി. പക്ഷെ മണ്ടയിലേക്ക് പോയില്ല എന്ന് തോന്നുന്നു. വേറെന്തോ ടെസ്റ്റ് ആയിരിക്കും. അറിയില്ല. എന്തായാലും ഇത്തവണ ഞാൻ തുമ്മി, ചുമച്ചു.

കൊറോണ ബാധിച്ച് ഇത്രനാൾ കിടന്നിട്ട് ഒരിക്കൽ പോലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തിട്ടില്ലായിരുന്നു.

വൈകുന്നേരം റിസൾട്ട് അറിയാം. നെഗറ്റീവ് ആകും, എനിക്ക് എന്തായാലും വേറെ പ്രശ്നങ്ങൾ ഒന്നും തോന്നുന്നില്ല. വൈകുന്നേരം ആയപ്പോൾ വിളി വന്നു. നെഗറ്റീവ് ആണ്. വീട്ടിൽ പോകാം.. !!!

ഞാൻ അറിയാതെ പറഞ്ഞുപോയി ” ഹോ.. മൈ**.. ”

മടക്കയാത്ര

തിരികെ പോകാൻ പലരെയും വിളിച്ചു. ആരും വരുന്നില്ല. ആട്ടോ സ്റ്റാന്റിലെ ചിലരെ വിളിച്ചു, ആരും തയ്യാറല്ല. നേരത്തെ പറഞ്ഞ അരുണിനെ വിളിച്ചു, അവൻ സ്ഥലത്തില്ല, അവൻ തന്നെ ഒരു ടാക്സി നോക്കി, പക്ഷെ റേറ്റ് കേട്ട് ഞെട്ടിയ ഞാൻ സ്പോട്ടിൽ തന്നെ അത് വേണ്ടാന്നു പറഞ്ഞു. ഒടുവിൽ സഹികെട്ട് അടുത്ത് തന്നല്ലോ, നടന്നു പോകാം എന്ന് കരുതി. പക്ഷെ അപ്പോഴും നാട്ടുകാർ എന്നൊരു പ്രശ്നമുണ്ട്. അപ്പോഴാണ് എന്ത് സഹായം വേണേലും വിളിക്കാൻ പറഞ്ഞ നമ്മുടെ “നീ എൻ സർഗ്ഗ സൗന്ദര്യമേ” യുടെ ക്യാമറാമാൻ പ്രശാന്തിനെ (Prasanth Krishnan) ഓർമ്മ വന്നത്. അവനെ വിളിച്ചു. അപ്പോൾ തന്നെ അവൻ കാറുമായി വന്നു എന്നെ വീട്ടിൽ എത്തിച്ചു..

വീട്ടിലെ അവസ്ഥ

അപ്പയ്ക്ക് മാത്രം നെഗറ്റീവ് ആയ കൊണ്ട് പുള്ളി വീട്ടിൽ ഒറ്റയ്ക്ക് Home Quarantine ആയിരുന്നു. DYFI യുടെയും കോൺഗ്രസിന്റെയും ഒക്കെ പ്രവർത്തകർ അദ്ദേഹത്തിന് ഭക്ഷണം എത്തിച്ചു കൊടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്യുകയും ചെയ്തു. ഞാനും കൂടി ഇപ്പോൾ വീട്ടിലുണ്ട്. എനിക്കും ഇവർ തന്നെ ഭക്ഷണം കൃത്യമായി വീട്ടിൽ എത്തിക്കുന്നുണ്ട് .

ഇതാണ് എന്റെ കൊറോണ അനുഭവം.

ഒരിക്കൽ വന്നു എന്ന് കരുതി ഇനി വരില്ല എന്നൊന്നും ഇല്ല. എനിക്ക് തന്നെ ഒരുപക്ഷേ വീണ്ടും വന്നേക്കാം, അറിയില്ല.. എന്തായാലും ഇത്തവണ ഞാൻ രക്ഷപ്പെട്ടു. ഇത്രേ ഉള്ളൂ പരിപാടി..

കാര്യങ്ങൾ ഇത്രയും കൈവിട്ട അവസ്ഥയിലും നല്ല രീതിയിൽ തന്നെ കാര്യങ്ങൾ Coordinate ചെയ്യുന്ന സർക്കാരിനും, മറ്റ് ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവർത്തിക്കുന്ന ജന പ്രതിനിധികൾക്കും ഒക്കെ നന്ദി.

ആദ്യം മുതൽ എന്നെ സഹായിച്ച ഈ പോസ്റ്റിൽ പറഞ്ഞിട്ടുള്ള എല്ലാവർക്കും നന്ദി പറഞ്ഞു നിങ്ങൾ ചെയ്ത സേവനത്തെ, സഹായത്തെ ഒന്നും വില കുറച്ചു കാണുന്നില്ല. അതിലൊന്നും നിൽക്കാത്ത സഹായങ്ങളാണ് എല്ലാവരും ചെയ്തത്..

നല്ലത് വരും.. നമ്മൾ അതിജീവിക്കും.