ചെന്നെെ: ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്നങ്ങൾ മൂലം വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഫിസിയോതെറപ്പിയോടു പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മകൻ അറിയിക്കുകയും ചെയ്തു. എന്നാൽ എസ്.പി.ബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് അറിഞ്ഞത്. വൈകിട്ട് നാലു മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ 4.30 മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. റെഡ്ഹില്‍സിന് സമീപത്തെ താമരെപ്പാക്കത്തായിരിക്കും സംസ്‌കാരം.
1946 ജൂൺ 4ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ‘എസ്പിബി’ എന്നും ‘ബാലു’ എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരൻ എസ്.പി. സാംബമൂർത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള.
സിനിമാ പിന്നണി ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരിൽ. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടല്‍പ്പാലം.
ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്കാരം നേടി അദ്ദേഹം.
യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്കാരം നേടി. ഫിലിംഫെയര്‍ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു.
നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു അദ്ദേഹം. കെ.ബാലചന്ദറിന്‍റെ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. തിരുടാ തിരുടാ, കാതലന്‍ അടക്കം തമിഴില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്.പി.ബിക്ക് തന്നെ.