ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. ഡൽഹി സൈനികാശുപത്രിയിൽ രാവിലെ 6.55ന് ആയിരുന്നു അന്ത്യം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. ജൂൺ 25നാണ് ജസ്വന്ത് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ, തലയ്ക്കേറ്റ ക്ഷതം എന്നിവയ്ക്കായിരുന്നു ചികിൽസ ലഭ്യമാക്കിയിരുന്നത്.
1938 ജനുവരി മൂന്നിന് രാജസ്ഥാനിലെ ജസോളില്‍ ഠാക്കൂര്‍ സര്‍ദാര്‍ റാത്തോഡിന്റെയും കന്‍വര്‍ ബൈസയുടെയും മകനായാണ് ജനനം. 1957-മുതൽ 1966 വരെ സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തിനായി പട്ടാളത്തില്‍നിന്ന് രാജിവെച്ചു. 1980ൽ ബിജെപി രൂപീകരിച്ചതു മുതൽ നേതൃനിരയിലുണ്ട്. എഴുപത്തൊന്നുകാരനായ അദ്ദേഹം നാൽപതു കഴിഞ്ഞാണു രാഷ്‌ട്രീയത്തിലിറങ്ങിയത്. ഒൻപതു വർഷം രാജ്യസഭാംഗമായിരുന്നതിനു ശേഷമാണ് 1989ൽ ലോക്‌സഭയിലെത്തിയത്. 1950–60 കാലഘട്ടത്തില്‍ സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു.
വാജ്‌പേയ് മന്ത്രിസഭയില്‍ ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. 2014ല്‍ ബി.ജെ.പി ഇദ്ദേഹത്തിന് ലോക്സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെ രാജസ്ഥാനിലെ ബാര്‍മറില്‍നിന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. ഇതിനു പിന്നാലെ ജസ്വന്ത് സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ജസ്വന്തിനെ വീണ്ടും തിരിച്ചെത്തിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കിടെ 2014 ഓഗസ്റ്റ് എട്ടിനാണ് ഇദ്ദേഹത്തെ വീട്ടിൽ വീണു ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കേറ്റ ക്ഷതം അദ്ദേഹത്തെ കോമയിലേക്ക് തള്ളിയിടുകയായിരുന്നു.