സില്‍ക്ക്‌എയര്‍ കൊച്ചി,തിരുവനന്തപുരം സര്‍വീസ്‌ വര്‍ദ്ധിപ്പിക്കുന്നു

0
Image Courtesy : golfdigestsingapore.com

കൊച്ചി : സിംഗപ്പൂര്‍ മലയാളികള്‍ക്കൊരു സന്തോഷവാര്‍ത്ത.സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സില്‍ക്ക്‌എയര്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു .കൊച്ചിയിലേക്ക് നിലവിലുള്ള ഏഴ് സര്‍വീസുകള്‍ ഒന്‍പത് ആയും തിരുവനന്തപുരത്തേക്കുള്ള മൂന്ന് സര്‍വീസ്‌ നാലായും ഉയര്‍ത്തുമെന്ന്  സില്‍ക്ക്‌ എയര്‍ വക്താവ് മീര ശശികുമാര്‍ പറഞ്ഞു.കൂടുതല്‍ മലയാളികള്‍ കേരളത്തില്‍  നിന്ന് യാത്ര ചെയ്യാന്‍ ആരംഭിച്ചത് മൂലമാണ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്ന് സില്‍ക്ക്‌ എയര്‍ അറിയിച്ചു .വെള്ളി ,ഞായര്‍ ദിവസങ്ങളിലായിരിക്കും കൊച്ചിയിലേക്കുള്ള അധിക സര്‍വീസുകള്‍….തിരുവനന്തപുരത്തെക്ക് തിങ്കളാഴ്ച ആയിരിക്കും അധിക സര്‍വീസ്‌ .

വെള്ളി ,ഞായര്‍ ദിവസങ്ങളില്‍ രാത്രി 10.35-നു സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ടു 12.30-നു കൊച്ചിയില്‍ എത്തിച്ചേരുന്ന വിമാനം തിരിച്ചു 1.30-നു കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു രാവിലെ 8.25-നു സിംഗപ്പൂരില്‍ എത്തിച്ചേരും .ഇതേ ദിവസങ്ങളില്‍ സില്‍ക്ക് എയര്‍ ദിവസേനെ സര്‍വീസ്‌ വൈകിട്ട് 8.45-നു പുറപ്പെട്ടു 10-45-നു കൊച്ചിയില്‍ എത്തിച്ചേരുകയും ,കൊച്ചിയില്‍ നിന്ന് 11.45-നു തിരിച്ച് രാവിലെ 6.50-നു സിംഗപ്പൂരില്‍ എത്തിച്ചേരുകയും ചെയ്യും .ഇതോടെ വെള്ളി ,ഞായര്‍ ദിവസങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് സില്‍ക്ക്‌ എയര്‍ കൊച്ചിയിലേക്ക് സര്‍വീസ്‌ നടത്തും .

വൈകിട്ട് 8.05-നു സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ടു 9.45-നു തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിമാനം തിരിച്ച് 10-40-നു തിരിച്ച് രാവിലെ 5.35-നു സിംഗപ്പൂരില്‍ തിരിച്ചെത്തും.4 മണിക്കൂര്‍ 10 മിനിറ്റ്‌ ആണ് ഈ റൂട്ടിലെ  യാത്രാസമയം .

തിങ്കള്‍ ,ബുധന്‍ ,വെള്ളി ,ഞായര്‍ ദിവസങ്ങളില്‍ ടൈഗര്‍ എയര്‍ വേയ്സ്‌ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട് .സിംഗപ്പൂരില്‍ നിന്ന് രാത്രി 10.15-നാണ് ടൈഗര്‍ എയര്‍വേയ്സ്‌ പുറപ്പെടുന്നത് .ഇതോടെ വെള്ളി ,ഞായര്‍ ദിവസങ്ങളില്‍ സിംഗപ്പൂര്‍ -കൊച്ചി സെക്റ്ററില്‍ മൂന്ന് സര്‍വീസുകള്‍ ഉണ്ടാകും .ചൊവ്വ ,വ്യാഴം ,ശനി ദിവസങ്ങളില്‍ ടൈഗര്‍ എയര്‍വേയ്സ്‌ സിംഗപ്പൂര്‍ -തിരുവനന്തപുരം സെക്റ്ററില്‍ സര്‍വീസ്‌ നടത്തുന്നുണ്ട് .

ടൈഗര്‍ എയര്‍വേയ്സിന്‍റെ വരവോടെ സില്‍ക്ക്‌ എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് സില്‍ക്ക്‌ എയര്‍ പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.നവംബര്‍ 16 മുതല്‍  കൊച്ചിയിലേക്കും നവംബര്‍ 12 മുതല്‍ തിരുവനന്തപുരത്തെക്കും പുതിയ സര്‍വീസ്‌ നിലവില്‍ വരും . .ഇതോടെ സിംഗപ്പൂര്‍ മലയാളികളുടെ യാത്രദുരിതം ലളിതമാക്കുവാന്‍ സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് .പുതിയ സര്‍വീസ് തുടങ്ങുന്നതോടെ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആഴ്ചയില്‍ ഏതാണ്ട് 2200 സീറ്റുകള്‍ വരെയും തിരുവന്തപുരത്തെക്ക് 1100 സീറ്റുകളും ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത് .എന്നാല്‍ എയര്‍ ഏഷ്യയുടെ പുതിയ ഫ്ലൈ -ത്രൂ സര്‍വീസും എയര്‍ കേരളയെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ ആണ് സില്‍ക്ക്‌ എയറിന്റെ തീരുമാനത്തിന് പിന്നില്‍ എന്ന് വിലയിരുത്തുന്നവരും ഏറെയാണ് .എന്തായാലും ടൈഗര്‍ എയര്‍വെയ്സും സില്‍ക്ക്‌ എയറും പരസ്പരം മല്സരത്തോടെ മുന്നോട്ടു പോകുന്നത് യാത്രക്കാര്‍ക്ക് പ്രയോജനമാകും എന്ന് വേണം കരുതാന്‍..