‘ലൗ ജിഹാദ്‌’ ആരോപണം; വിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്

0

ട്രോളുകളും വിമർശനങ്ങളും കനത്തതോടെ തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിച്ച് പ്രമുഖ ജൂവലറി ബ്രാൻഡായ തനിഷ്ക്. ഹിന്ദു മുസ്ലിം ഐക്യം പറഞ്ഞുള്ള പരസ്യം സംഘ് പരിവാർ അണികളുടെ സൈബറാക്രമണവും ബഹിഷ്കരണാഹ്വാനങ്ങളും ‘ലൗ ജിഹാദ്‌’ വിമർശനങ്ങളും ശക്തമായി നേരിടാൻ തുടങ്ങിയതോടെയാണ് തനിഷ്ക് പരസ്യം പിന്‍വലിച്ചത്.

ടൈറ്റാൻ ഗ്രൂപ്പിന്‍റെ കീഴിലുള്ള കമ്പനി തങ്ങളുടെ ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങൾക്ക് നടുവിലായത്. ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലീമായ അമ്മായിഅമ്മയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തിൽ കാണിക്കുന്നത്. ഗർഭിണിയായ മരുമകൾക്കായി ബേബിഷവർ ചടങ്ങുകൾ ഒരുക്കിയ അമ്മായിഅമ്മ. ഈ ചടങ്ങ് വീട്ടിൽ ഈ വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ‘ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ’യെന്നാണ് അമ്മായിഅമ്മ മറുചോദ്യം ഉന്നയിക്കുന്നത്.

രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മനോഹര സംഗമം’ എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അധികം വൈകാതെ ഈ പരസ്യചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയരുകയായിരുന്നു. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നുമായിരുന്നു മുഖ്യവിമർശനം. തനിഷ്ക് ബഹിഷ്കരിക്കണം (BoycottTanishq) എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗായി.

വിമർശനങ്ങളും കനത്തതോടെ യൂട്യൂബിൽ നിന്ന് പരസ്യം പിൻവലിച്ചിരിക്കുകയാണ് കമ്പനി. എന്നാൽ പരസ്യത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്. 45 സെക്കന്റ് മാത്രം ദൈർഘ്യമുള്ള പരസ്യത്തില്‍ പോലും വര്‍ഗ്ഗീയതയും അസഹിഷ്ണുതയും കാട്ടുന്നവരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്ത് വന്നു.

മനോഹരമായ ഒരു പരസ്യത്തിലൂടെ ഹിന്ദു-മുസ്ലീം ഐക്യം ഉയർത്തിക്കാട്ടിയ തനിഷ്ക് ജൂവലറി ബഹിഷ്കരിക്കാനാണ് ചില ഹൈന്ദവ വര്‍ഗ്ഗീയവാദികൾ ആവശ്യപ്പെടുന്നത്. ഹിന്ദു-മുസ്ലീം ഏകത്വം അവരെ ഇത്രയും അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രതീകമായ ഇന്ത്യയെ അവർ ബഹിഷ്കരിച്ചൂട’ എന്ന ചോദ്യമാണ് കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്റർ ഉന്നയിച്ചത്. പരസ്യചിത്രം കൂടി പങ്കുവച്ചാണ് തരൂരിന്‍റെ പ്രതികരണം.

കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീക്ക് എന്നിവരും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പരസ്യം;ലൗ ജിഹാദ്‌ മാത്രമല്ല, സെക്സിസവും പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ബോളിവുഡ് താരം കങ്കണ റണൌട്ടിന്‍റെ പ്രതികരണം. എന്നാൽ, സംഘ് പരിവാരത്തിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കു വഴങ്ങി തനിഷ്ക് പരസ്യം പിൻവലിക്കേണ്ടിയിരുന്നില്ല എന്നും അഭിപ്രായമുയരുന്നുണ്ട്.