സിംഗപ്പൂര്‍ എണ്ണകമ്പനികളിലേക്ക് തൊഴില്‍ വാഗ്ദാനം:മൂന്നംഗ സംഘം പോലീസ് പിടിയില്‍

0

കൊല്ലം: മതിയായ രേഖകള്‍ ഇല്ലാതെ സിംഗപ്പൂരില്‍ ഉള്ള എണ്ണ കമ്പനികളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തു റിക്രൂട്ട്മെന്റ് നടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘം പോലീസ് പിടിയില്‍. തമിഴനാട് സ്വദേശി മണി, കൊയിലാണ്ടി സ്വദേശി വിനായകന്‍ , കൊല്ലം കൊട്ടിയം സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. അന്‍പതോളം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തു കൊല്ലം, കൊട്ടിയത്തുള്ള ഒരു ലോഡ്ജില്‍ റിക്രൂട്ട്മെന്റ് നടത്തവേ ആണ് ഇവരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പരിശോധനയില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ സംഘത്തിനു കഴിയാതിരുന്നതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ നിയമപ്രകാരം കേസ് എടുത്തു അറ്റസ്റ്റു ചെയ്യുകയാണുണ്ടായത്. സൌദി ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളിലെക്കും ഇവര്‍ റിക്രൂട്ട്മെന്റ് നടത്തിയിരുന്നുവത്രേ.

അടുത്ത കാലത്തായി പ്രവാസിക്ഷേമ മന്ത്രാലയം കര്‍ക്കശമായ നിയമനിര്‍മാണങ്ങള്‍ നടത്തുകയും പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടും രാജ്യത്തിന്റെ നാനാഭാഗങ്ങളിലും നടക്കുന്ന അനധികൃത തൊഴില്‍ വാഗ്ദാന തട്ടിപ്പുകളില്‍ സാധാരണക്കാര്‍ അകപ്പെടുന്നത് കടുത്ത ആശങ്ക ഉളവാക്കുന്നു.