കൊച്ചി മെട്രോ പദ്ധതി: ടോം ജോസിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനവും വിവാദത്തില്‍.

0

കൊച്ചി: മെട്രോ റയില്‍ പദ്ദതിയില്‍ നിന്ന് ഡി.എം.ആര്‍.സി യെയും ഇ. ശ്രീധരനെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ കെ. എം .ആര്‍. എല്‍ മുന്‍ എം ഡി ടോം ജോസിനെ ഉപയോഗിച്ചുവെന്ന വാദത്തിനു കൂടുതല്‍ ശക്തിയേകിക്കൊണ്ട് ടോം ജോസിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡി എം ആര്‍ സി കൊച്ചി മെട്രോയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് സമാന്തരമായാണ്‌ ടോ ജോസും സര്‍ക്കാരും കരുക്കള്‍ നീക്കിയത് എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍. സാങ്കേതിക കാര്യങ്ങളെ കുറിച്ച് ഡി എം ആര്‍ സി പഠനം നടത്തിക്കൊണ്ടിരുന്ന 2012 ജനുവരിയിലാണ് ടോം ജോസ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്.

എം ആര്‍ ടി സംവിധാനം , സിഗ്നലിംഗ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠിക്കാനും ചര്‍ച്ച ചെയ്തു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനും ആണ് സര്‍ക്കാര്‍ ടോ ജോസിനെ സിംഗപ്പൂരിലേക്ക് അയച്ചത് എന്നാണ് വിവരം. സിംഗപ്പൂര്‍ ടെക്നോലജീസ് ഇലക്ട്രോണിക്സും ആയിട്ടാണ് സിംഗപ്പൂര്‍ ഗതാഗത സംവിധാനത്തെക്കുറിച്ച് ടോം ജോസ് ചര്‍ച്ച നടത്തിയത്. ഇതിന്മേല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഈ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഈ ശ്രീധരനെ കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഏല്‍പ്പിക്കാനുള്ള നീക്കം തടയാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന കാര്യം കൂടുതല്‍ വ്യക്തമാകുകയാണ്. അതോടനുബന്ധിച്ച് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടു അഴിമതി ഉണ്ടാവാനിടയുണ്ട് എന്ന വ്യാഖ്യാനങ്ങള്‍ക്ക് ഉപോല്‍ബലകമാവുകയാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. ആഗോള ടെണ്ടര്‍ വിളിക്കുന്നത്‌ അഴിമതി വിളിച്ചു വരുത്താലാവും എന്ന ആരോപണങ്ങള്‍ക്കും രഹസ്യമായി നടത്തിയ ഈ നീക്കങ്ങള്‍ ശക്തി പകരുന്നു. അത് പോലെ ടോം ജോസ് ശ്രീധരനെ പരാമര്‍ശിച്ചു കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു അയച്ച കത്തും വിവാദമായിട്ടുണ്ട്.

അതെ സമയം മന്ത്രിമാരും മറ്റു ബന്ധപ്പെട്ടവരും ഇ.ശ്രീധരന്റെ സേവനം മെട്രോ പദ്ധതിയില്‍ ഉപയോഗപ്പെടുത്തും എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകളെ കുറിച്ച് ശ്രീധരനെ സംസാരിച്ചു ബോധ്യപ്പെടുത്താന്‍ മുഖമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. മെട്രോ നിര്‍മാണം ഡി എം ആര്‍ സി ക്ക് നല്‍കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പത്രലേഖകരോട് പറഞ്ഞു.