ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി മേധാവി അങ്കിദാസ് രാജിവെച്ചു

0

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ, ദക്ഷിണേഷ്യാ, മധേഷ്യാ പോളിസി ഡയറക്ടറായ അങ്കി ദാസ് സ്ഥാനം രാജിവെച്ചു. ഇവര്‍ക്ക് എതിരെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ലമെന്ററി സമിതിയുടെ ചോദ്യം ചെയ്യലിന് വിധേയയായ ശേഷമാണ് അന്‍ഖി ദാസിന്റെ രാജി.

ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപിയോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചുവെന്നതിന്റെ പേരില്‍ വിവാദത്തിലായ വ്യക്തിയാണ് അങ്കിദാസ്. അതേ സമയം സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമല്ല.

ഫെയ്‌സ്ബുക്കിലെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയ്ക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും അങ്കിദാസിന്റെ ഇടപെടല്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ അങ്കിദാസ് ഇടപെട്ട് തടഞ്ഞുവെന്ന വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപോർട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കഴിഞ്ഞയാഴ്ച അങ്കി ദാസ് ഒരു പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായിരുന്നു. ഫെയ്‌സ്ബുക്കിലെ സ്വകാര്യതയുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പാനല്‍ അങ്കിദാസുമായി കൂടിക്കാഴ്ച നടത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം അങ്കിദാസ് പാനലിന്റെ ചോദ്യങ്ങള്‍ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനസേവനത്തിന് ഇറങ്ങാന്‍ വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് അന്‍ഖി രാജി വച്ചതെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് ഇന്ത്യയുടെ ആദ്യകാല ജീവനക്കാരില്‍ ഒരാളാണ് അന്‍ഖിയെന്നും കമ്പനിയുടെ 9 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് പ്രധാന്യമേറിയ ഒരു റോള്‍ അന്‍ഖി വഹിച്ചിരുന്നുവെന്നും അജിത് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ്, വ്യവസായം, പരസ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പാനല്‍ ഫേസബുക്കിനോട് നിര്‍ദേശിച്ചിരുന്നു.ഇന്ത്യയില്‍ 30 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.