മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്. അര്‍ണബിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അര്‍ണബിനെ ബലംപ്രയോഗിച്ച് പോലീസ് വാനില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2018ൽ അലിബാഗ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. സ്റ്റുഡിയോ നിർമാണവുമായി ബന്ധപ്പെട്ട് ആൻവി നായിക്കിന് പണം നൽകാനുണ്ടായിരുന്നു. ഈ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്ത അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ് മുംബൈ പോലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അർണാബിന്റെ വീട്ടിലെത്തിയത്. ഏഴ് മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ എത്തി. തുടർന്ന് അർണാബിനെ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിലേക്ക് പ്രവേശിക്കുകയും അർണാബിനെ ബലമായി കൊണ്ടുപോകുകയുമായിരുന്നു. അർണാബിനെ കൈയേറ്റം ചെയ്തതായി റിപ്പബ്ലിക് ടി.വി ആരോപിച്ചു.