300-ലധികം ഇലക്ട്രല്‍ വോട്ടുകളോടെ വിജയിക്കാന്‍ പോകുന്നു; രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍

0

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉറപ്പിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. . ‘ഞങ്ങള്‍ ഇതുവരെ വിജയത്തിന്റെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ അക്കങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു’ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഠിനമായിരുന്നു. എങ്കിലും നാം ക്ഷമയോടെ കാത്തിരിക്കണം. ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ശക്തമായ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് ബൈഡന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ നാം എതിരാളികളായിരിക്കാം. എന്നാല്‍ ശത്രുക്കളല്ല. നമ്മള്‍ അമേരിക്കക്കാരാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍ പറഞ്ഞു. രാജ്യത്തെ വിഭാഗീയതകളില്ലാതെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും ബൈഡന്‍ പറഞ്ഞു.

‘ഞങ്ങള്‍ ഈ മത്സരത്തില്‍ വിജയിക്കാന്‍ പോകുന്നു. ഇന്നലെ മുതല്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും 24 മണിക്കൂര്‍ മുമ്പ് ഞങ്ങള്‍ പിന്നിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മുന്നിലാണ്. നെവാദയിലും അരിസോണയിലും ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു. നെവാഡയില്‍ ഭൂരിപക്ഷം ഇരട്ടിയായി. മുന്നൂറിറിലധികം ഇലക്ട്രല്‍ വോട്ടുകള്‍ നേടി ഞങ്ങള്‍ വിജയത്തിലേക്ക് പോകുകയാണ്. ഈ രാജ്യത്തിന്റെ പിന്തുണയോടെ ഞങ്ങള്‍ ജയിക്കും’ ബൈഡന്‍ പറഞ്ഞു.

ഫലം പൂര്‍ണ്ണമാകാത്ത ജോര്‍ജിയ, പെന്‍സില്‍വാനിയ, നെവാഡ എന്നിവിടങ്ങളില്‍ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലാണ്. നോര്‍ത്ത് കരോലൈനയിലും അലാസ്‌കയിലും മാത്രമാണ് ട്രംപ് മുന്നിലുള്ളത്. 264 സീറ്റുകള്‍ ഇതിനോടകം നേടിയിട്ടുള്ള ബൈഡന് നിലവില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ നേടാനായാല്‍ 306 ഇലക്ട്രല്‍ വോട്ടുകള്‍ നേടി വൈറ്റ്ഹൗസിലേക്ക് പോകാം. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 214 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് ട്രംപ് ഇതുവരെ നേടിയിട്ടുള്ളത്.