സൂരരൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങൾ പങ്കുവച്ച് അപർണ ബാലമുരളി. അണിയറ പ്രവർത്തകർ പുറത്തിറക്കിയ വിഡിയോയിലൂടെയാണ് നടി തന്റെ അനുഭവം വിവരിക്കുന്നത്. ഒടിടി റിലീസുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് സൂരറൈ പോട്ര്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിത കഥയാണ് ചിത്രം പങ്കുവെച്ചത്.
സൂര്യക്കൊപ്പം ഓരോ കഥാപത്രങ്ങളും മികച്ചുനിന്ന ചിത്രത്തിൽ അപർണ ബലമുരളിയുടെ അഭിനയം ശ്രദ്ധനേടുകയാണ്. മധുര തമിഴിൽ വളരെ അനായാസം അഭിനയിച്ച അപർണയുടെ ബൊമ്മി എന്ന കഥാപാത്രം വളരെയധികം നിരൂപക പ്രശംസ നേടി. ഇപ്പോഴിതാ, ബൊമ്മിയിലേക്കുള്ള അപർണയുടെ യാത്ര പങ്കുവയ്ക്കുകയാണ് ‘സൂരറൈ പോട്ര്’ ടീം.
ബൊമ്മി എന്ന കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വിഡിയോയിലൂടെ കാണാനാകും. മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലകയും അപർണയ്ക്ക് ഉണ്ടായിരുന്നു. ഓഡിഷനിലൂടെയാണ് അപർണയെ സുധ കൊങ്കര കണ്ടെത്തിയത്. പിന്നീട് മാസങ്ങൾ നീണ്ട പരിശീലനങ്ങൾക്കും ക്ലാസ്സുകൾക്കും ഒടുവിലാണ് അപർണ ബൊമ്മിയായി മാറിയത്.