ധനു 1 (ഡിസംബര്‍ 16) മലയാള കവിതാ ദിനമായി ആചരിക്കുന്നു.

0

സിംഗപൂര്‍: മലയാള ഭാഷയില്‍നിന്നും സാഹിത്യത്തില്‍നിന്നും ജനങ്ങള്‍ പ്രത്യേകിച്ച് പുതിയ തലമുറ അകന്നുപോവുകയാണിന്ന്. പുതിയതലമുറ അകലാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന നവ മാധ്യമങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഭാഷയിലേക്കും, സാഹിത്യത്തിലേക്കും അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ന് ശക്തമായി നടക്കുന്നു.  ഇതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി മലയാള കാവ്യചരിത്രത്തിലെ സുപ്രധാനമായ ഒരു ദിവസം മലയാള കവിതാദിനം ആയി ആഘോഷിച്ചു തുടങ്ങാന്‍ മലയാള സാഹിത്യ സമൂഹം മുന്നിട്ടിറങ്ങുന്നു. വായനയില്‍നിന്ന് കവിതയെ ഗൌരവപൂര്‍വ്വം സമീപിക്കുന്ന വായനക്കാര്‍ ചേര്‍ന്ന് രൂപം നല്‍കിയ കാവ്യകേളി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.

ഡിസംബര്‍ 16 (ധനു 1) ആണ് മലയാള കവിതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച വീണപൂവ്‌ പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് കവിതാ ദിനമായി തിരഞ്ഞെടുത്തത്‌. ആദ്യത്തെ മലയാള കവിതാദിനം ധനു 1 (2012 ഡിസംബര്‍ 16) ഞായറാഴ്ച തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തില്‍ വെച്ച് ആഘോഷിക്കുന്നു.

ഈ ആശയത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒട്ടനേകം കലാ, സാഹിത്യ, സ്നേഹികളുള്ള സിംഗപ്പൂരിലും മലയാള കവിതാ ദിനം ഡിസംബര്‍ 16 (ധനു 1) ന് മലയാളികളുടെ ഒത്തൊരുമയും, ഉന്നമനവും, മലയാള ഭാഷയുടെ നിലനില്‍പ്പും ലക്ഷ്യമിട്ടുകൊണ്ട് സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന  ദ്വൈവാര പത്രമായ പ്രവാസി എക്സ്പ്രസിന്‍റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു.

പ്രശസ്ത കവി ശ്രീ. എം.കെ ഭാസി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കുമാരനാശാന്‍റെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ ചെയ്ത ശാന്താ ഭാസ്കര്‍, പ്രശസ്ത കവി. ഡി.സുധീരന്‍, എന്നിവര്‍ കൂടാതെ സിംഗപ്പൂരിലെ യുവ കവികളും പങ്കെടുക്കും.

ചര്‍ച്ചകള്‍ നടത്തിയും, കവിതകള്‍ ചൊല്ലിയും, കവിതയെ ആസ്പദമാക്കി ചിത്രങ്ങള്‍ വരച്ചുമാണ് മലയാള കവിതാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. .

യുവ കവികള്‍ സ്വന്തം കവിതകളും, പ്രശസ്ത കവികളുടെ കവിതകളും ഉദ്ധരിക്കും. റേസ്‌ കോഴ്സ്‌ റോഡിലുള്ള സിംഗപ്പൂര്‍ മലയാളി ആസോസിയെഷന്‍റെ ഓഫീസില്‍ വെച്ചാണ് ആദ്യത്തെ മലയാള കവിതാദിനം ആഘോഷിക്കുന്നത്. മലയാളി സംഘടനകളുടെ മുത്തശ്ശി സംഘടന ആയ  സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെയും, ഇ-മാഗസിന്‍ ആയ ഇതളുകളുടെയും പിന്തുണയോടെയാണ് കവിതാ ദിന ആഘോഷങ്ങള്‍ അരങ്ങേറുന്നത്. ഡിസംബര്‍ 16 ഞായറാഴ്ച വൈകിട്ട്‌ 5 മണി മുതല്‍ 7 മണി വരെയാണ് പരിപാടികള്‍.

മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും നിലനില്‍പ്പിന് പുതിയ ഉണര്‍വ്വ്‌ പകരാന്‍ കഴിയുന്ന ഈ ഉദ്യമത്തിന് ഏവരുടെയും പൂര്‍ണ്ണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:
RSVP: വെണ്മണി ബിമല്‍രാജ്: 8312 6195, പനയം ലിജു: 9451 8769, ജോണ്‍ ലെനിന്‍: 9756 7034,  രാജേഷ്‌: 8332 2959 സത്യന്‍ പൂക്കൂട്ടത്ത്: 9640 5963, ശ്യാം പ്രഭാകര്‍: 9231 6256

Event:                Malayalam Poetry Day –Dhanu 1 (December 16th)
Organised by : Pravasi Express –A Bilingual Malayalam & English newspaper from Singapore.
Place:                Singapore Malayalee Association, 44 Race Course Road. Singapore
Supported by:  SMA, MLES & Ithalukal