ആരോഗ്യം നടന്നു നേടുന്നവര്‍

0

അനന്തപുരിയില്‍ മ്യുസിയമെന്നാല്‍ വ്യായാമം പോലെ എന്തൊക്കെയോ ചെയ്തു, ആരോഗ്യം മൊത്തമായുംചില്ലറയായും വാങ്ങാന്‍ ആള്‍ക്കാര്‍ 'തിക്കിത്തിരക്കി' നടക്കുന്ന ഒരു സ്ഥലമാണ്. ഇതിനിടയില്‍ സ്ഥലം കിട്ടാത്തവര്‍അടുത്തുള്ള കനകക്കുന്നു കൊട്ടാരത്തിന്റെ ചുറ്റും നടന്നു 'വ്യായാമം' ചെയ്തു തൃപ്തിപ്പെടും. അല്ലാതെ തിക്കിത്തിരക്കി 'നടന്നു' ബഹളമുണ്ടാക്കിയാല്‍ മ്യുസിയം പോലീസ് സ്റ്റേഷനിലെ നടന്നു ശീലമില്ലാത്ത ഏമാന്മാര്‍ ഓടിവരും, പിന്നെ അവരുടെ വ്യായാമം തുടങ്ങുകേം ചെയ്യും.

പല നടത്തക്കാരെയും നമ്മള്‍ പലപ്പോഴായി കാണാറുണ്ട്. കൈയും വീശി നടക്കുന്നവര്‍, മസ്സില് പിടിച്ചു എയര്‍ വിടാതെ നടക്കുന്നോര്‍, ചെവിയില്‍ ഹെഡ്സെറ്റും തിരുകിവച്ചു സംഗീതത്തിന്റെ ആനന്ദത്തില്‍ താറടിച്ചു, സോറി ആനന്ദതിലാറാടി നടക്കുന്നോര്‍, എതിരെ നടക്കുന്ന ലെവളുമാരുടെ അവിടേം ഇവിടേം നോക്കി നടക്കുന്ന; നടന്നു വഴി തെറ്റുന്ന ചില "ദുര്‍നടത്തക്കാര്‍'', അങ്ങനെ പലരും. പക്ഷെ ഇവിടെ മ്യുസിയത്തിനു ചുറ്റുമുള്ള റോഡിലൂടെ നടക്കുന്നവര്‍ ഇതിലും വലിയ വിഭാഗങ്ങളില്‍ പെടുന്നവരാണ്.

നേര്‍ച്ചയുള്ളത് കൊണ്ടു മുടങ്ങാതെ വായ്നോട്ടം എന്ന കലാസാംസ്കാരികപരിപാടിക്കായി ഈയുള്ളവനും അങ്ങോട്ടൊക്കെ എത്തിനോക്കാറുണ്ട്. എല്ലാവര്‍ക്കും മാര്‍ക്ക്‌ കൊടുത്തു, "സംഗതികള്‍" ഒക്കെ പറഞ്ഞു ഇരിക്കുക ഒരു സുഖമുള്ള ഏര്‍പ്പാടല്ലേ ? ചുമ്മാ മുഖം ചുളിക്കണ്ട. എന്റെ മാഷേ ചെയ്യുന്ന കാര്യം അങ്ങ് തുറന്നു പറയുന്നതില്‍ ചമ്മേണ്ട കാര്യമില്ല. അല്ലേലും 'ഉണ്ണിയെ കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം'.

പലരും തടി കുറയ്ക്കാനും, കുടവയറും ദുര്‍മേദസ്സും മറ്റും മാറാനുമാണ് നടക്കുന്നത് എന്നാണു വെപ്പ്. പക്ഷെ ആ നടപ്പും ശരീരവും കണ്ടാല്‍ പാവം തോന്നും.
"എന്തിന് പാഴ് ശ്രുതി മീട്ടുന്നു, തന്ത്രികള്‍ പൊട്ടിയ തംബുരുവില്‍" എന്ന് അങ്ങോരു പാടിയത് ഇതു കണ്ടിട്ടാണോ എന്നൊരു സംശയം.

വേഷമാണേല്‍ പറയാനുമില്ല. ജോഗ്ഗിംഗ് ഡ്രസ്സ്‌ എന്നൊക്കെ പറഞ്ഞു ഓരോന്ന് ഇട്ടുവരുന്നത്‌ എന്തിനാണെന്ന് അവര്ക്കു തന്നെ അറിയില്ല. ചില ചേച്ചിമാരുണ്ട്‌ (അമ്മായി എന്നോ തൈക്കിളവിമാര്‍ എന്നോ ആണ് ശരിക്കും വിളിക്കേണ്ടത്. പക്ഷെ ഇനിയും എങ്ങാനും മ്യുസിയം വളപ്പിലേക്ക് കയറണമെന്നുള്ളതിനാല്‍ ഇച്ചിരി സുഖിപ്പിച്ചു വിളിച്ചേക്കാം.) പാകമല്ലാത്ത ഒരു ചുരിദാറും ഒട്ടും മാച്ച് ചെയ്യാത്ത ജോഗ്ഗിംഗ് ഷൂസും ഇട്ടോണ്ടാണ് വരവ്. നടപ്പാണേല്‍ നമ്മുടെ ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി നടക്കുന്നത് പോലെ (ശരിക്ക് വായിച്ചോണം, ഞാന്‍ 'പോലെ' എന്നേ പറഞ്ഞുള്ളൂ. അല്ലേല്‍ ആ ആനയെങ്ങാനും ഈ ചേച്ചിയെ കണ്ടാല്‍, ഈ പറഞ്ഞ എന്നെ ഓടിച്ചിട്ട്‌ കുത്തിക്കൊല്ലും.) ഉരുണ്ടുരുണ്ട്‌ ഒരു വരവാണ്. ചേച്ചി ഒരു റൌണ്ട് തീരുമ്പോഴേക്കും നമ്മടെ പിള്ളേര്‍ നാലഞ്ച്‌ പ്രാവശ്യം ചേച്ചിയേം വിഷ് ചെയ്തു കടന്നു പോകും. എന്തിനോ എന്തോ, പുള്ളിക്കാരി ഇതൊന്നും മൈന്‍ഡ് ചെയ്യാതെ ഒരു നേര്‍ച്ച ചെയ്യുന്ന മട്ടില്‍ അങ്ങനെ ഉരുണ്ടു പോകും, സോറി നടന്നു പോകും.

തൊട്ടടുത്ത ചാരുബെഞ്ചില്‍ കാറ്റു പോകാറായ, ക്ഷമിക്കണം കാറ്റു കൊണ്ടിരിക്കുന്ന ഒരമ്മവന്റെ ആത്മഗതം.
"ഇവളുമാര്‍ക്കൊക്കെ ഇതിന്റെ വല്ല ആവശ്യവുമുണ്ടോ. ചുമ്മാ ഉള്ളതൊക്കെ കാണിക്കാന്‍ ഓരോ വേഷോം ഇട്ടോണ്ട് വരും. ബാക്കിയുള്ളോരുടെ സമാധാനം കളയാന്‍. പണിയെടുക്കാതെ വാരിവലിച്ചു തിന്നുമ്പോള്‍ ഓര്‍ക്കണമായിരുന്നു, അല്ല പിന്നെ. കുനിഞ്ഞിരുന്നു വീട്ടിലെ പത്ത്‌ പത്രം കഴുകി വച്ചാല്‍ തന്നെ ഈ ദുര്‍മേദസ്സ് താനേ കുറയും. അതെങ്ങനെ, അവിടെ ഇങ്ങനെ കോലം കെട്ടാനും, ആരേം ഇതൊന്നും കാണിക്കാനും പറ്റില്ലല്ലോ.. ശ്രീ പദ്മനാഭാ… നീ ഇതെല്ലാം കാണുന്നുണ്ടല്ലോ അല്ലെ.? "

അവസാനം ശ്രീ പദ്മനാഭനെ കൂട്ട് പിടിച്ചെങ്കിലും ശരിയല്ലേ അമ്മാവന്‍ പറഞ്ഞതു. ഇതിന്റൊക്കെ വല്ല ആവശ്യവുമുണ്ടോ ? വീട്ടിലെ പണി ചെയ്‌താല്‍ തന്നെ നല്ലൊരു വ്യായാമമല്ലേ.

ഇനി ആണുങ്ങളുടെ കാര്യമോ ? തടിയും കൂടി, കുടവയറും കൂടി സംഭവങ്ങള്‍ പലതും നടക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടൊക്കെ ആകുമ്പോഴാണ് പലരും ഈ പണിക്കു ഇറങ്ങുന്നത്. എവിടെ, പകല് മൂക്കുമുട്ടെ കഴിച്ചു, രാത്രി രണ്ടെണ്ണം വീശി, ഒരു വഴിക്കാകും. അവസാനം വീട്ടില്‍ നിന്നും തള്ളിപറഞ്ഞ്‌ വിടും.
"ദേ മനുഷ്യാ, ഈ കുടവയറും വച്ചോണ്ട് ഇനി എന്റെ അടുത്തോട്ടു വരണ്ട കേട്ടോ." ഡിം . തീര്‍ന്നില്ലേ. ഇതേ ഡയലോഗ് തന്നെ ഇവളുമാര് രാത്രീം പറഞ്ഞാല്‍ എന്ത് ചെയ്യും. അല്ല നമ്മള്‍ എന്ത് ചെയ്യും.. പറ..
പിന്നെ ഇതു തന്നെ ശരണം.

എന്തായാലും ഇത്തരം കാഴ്ചകളൊന്നും കാണാന്‍ വയ്യാഞ്ഞിട്ടോ എന്തോ, തൊട്ടപ്പുറത്തെ മൃഗശാലയില്‍ നിന്നും ഒരു സിംഹവാലന്‍ കുരങ്ങു പോലും ഇപ്പുറത്തേക്ക് തിരിഞ്ഞു നോക്കാറ് പോലുമില്ല.

വാല്‍ക്കഷ്ണം:
മ്യുസിയത്തിലെ നടത്തത്തെ പറ്റി ഒരു തിരോന്തോരംകാരന്‍ പറഞ്ഞതു.
"എന്തരു പറയാനാണ് അപ്പീ, മ്യുസിയത്തിലൂടെ ഒരു നാലഞ്ച്‌ റൌണ്ട് നടത്തങ്ങളങ്ങ്‌ നടക്കീന്‍. അമ്മയാണെ കെട്ടാ, അവിടുന്ന് പോവുമ്പം ഏതേലും ഒരു കിളീടെ ഇടം കൈ നിന്റെ വലത്തേ കൈയിലുണ്ടാവും."