ശ്വേതയുടെ പ്രസവവും കേരളം നേരിടുന്ന വന്‍ പ്രതിസന്ധികളും – ‘കളിമണ്ണ്’ കൊണ്ടുള്ള ചില ‘ചളി’കള്‍

0

കഴിഞ്ഞ കുറച്ചു ആഴ്ചകളായി സാംസ്കാരിക-രാഷ്ട്രീയ കേരളത്തിന്റെ മുന്നിലുള്ള പ്രധാന സമസ്യ ശ്വേതാമെനോനെ 'കളിമണ്ണില്‍' പ്രസവിപ്പിക്കണോ വേണ്ടയോ എന്നതാണ്.നിയമസഭയില്‍ എം എല്‍ എ മാര്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രമേയങ്ങള്‍ അവതരിപ്പിച്ചു വന്‍ ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഒരു തീരുമാനം ഉടന്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷ. അതോടെ സംസ്ഥാനത്തെ ജനജീവിതം വികസിതരാജ്യങ്ങളെ വെല്ലും വിധം മെച്ചപ്പെടുമെന്നാണ് കേരളം സന്ദര്‍ശിച്ച ഐക്യ രാഷ്ട്ര സഭയുടെ പ്രത്യേക സംഘം റിപ്പോര്‍ട്ട്‌ ചെയ്തതത്രേ. വിലക്കയറ്റം, ലോഡ് ഷെഡിംഗ്, ജല ദൌര്‍ലഭ്യം തുടങ്ങിയ  എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കും.

ഐശ്വര്യ റായിയുടെ പ്രസവത്തിനും ഉണ്നിമായയുടെ പ്രസവത്തിനും ശേഷം മലയാളികള്‍ ഇത്രയും ആഘോഷപൂര്‍വം  കൊണ്ടാടുന്ന 'പ്രസവ മഹോത്സവം' ഉണ്ടായിട്ടില്ല എന്നാണു ചാനല്‍ ചര്‍ച്ചകളില്‍ ബുദ്ധി ജീവികള്‍ വെളിപ്പെടുത്തുന്നത്. അടുത്ത വര്ഷം മുതല്‍ ശ്വേതയുടെ പ്രസവദിവസം പൊതു അവധി ആയി പ്രഖ്യാപിക്കാനും സര്‍ക്കാരില്‍ വന്‍ സമ്മര്‍ദം ചെലുതപ്പെടുന്നുവത്രേ.

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളില്‍ തങ്കലിപികള്‍ എഴുതപ്പെട്ട ഈ പ്രസവത്തിന്റെ യഥാര്‍ത്ഥ പ്രിന്റ്‌ കാണാന്‍ അഭൂതപൂര്‍വമായ 'ഭക്ത ജനക്കൂട്ടം' തീയെറ്റരുകളില്‍ എത്തിച്ചേരും എന്നാണ് നിര്‍മാതാവിന്റെ പ്രതീക്ഷ. എന്നാല്‍ ആംഗലേയത്തിലെ 'ഹരിശ്രീ' കുറിക്കപ്പെട്ട സിനിമകള്‍ സ്വന്തം തീയെറ്റരുകളില്‍ ഓടിച്ചു മുണ്ടിട്ടും അല്ലാതെയും ഉള്ള നാട്ടുകാരെ ആകര്‍ഷിച്ചു കൊണ്ടിരുന്ന തീയേറ്റര്‍ മുതലാളിമാര്‍ വാദിക്കുന്നത് 'ചരിത്രത്തിലെ ഈ നാഴിക കല്ല്‌' കാണിച്ചാല്‍ തീയറ്ററുകളില്‍ പുണ്യാഹം നടത്തേണ്ടി വരും എന്നാണു .

സാംസ്കാരിക കേരളം ഉറ്റുനോക്കുന്ന ഈ പ്രസവം തടയുമെന്നാണ് ഝാന്സി റാണി സംഘടനകള്‍ പ്രതികരിച്ചിരിക്കുന്നതു.. ഗോവിന്ദ ചാമിമാര്‍ പൊറോട്ടയും ബീഫും കഴിച്ചു ജയില്‍ തടിച്ചു കൊഴുക്കുംപോള്‍ കാണാത്ത ഈ വീര്യം ഭാരത സ്ത്രീയുടെ ഭാവശുദ്ധി സംരക്ഷിക്കുവാന്‍ ഉണ്ടായതു പ്രശംസനീയം തന്നെ. ഒളിച്ചും പാത്തും പ്രസവം മാത്രം അല്ല മറ്റു പലതും കാണുന്ന മഹാന്മാര്‍ ഇതിനെതിരെ രംഗത്ത് വന്നതും അഭിനന്ദനാര്‍ഹം തന്നെ. തങ്ങളുടെ ധാര്‍മിക രോഷം പൊതു പൊതു ജനങ്ങളിലെക്ക് പകര്‍ന്നു നല്‍കാന്‍ അവര്‍ നടത്തുന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തനവും സ്തുത്യര്‍ഹം.

ഇതില്‍ നിന്നും പ്രചോദനം ( കോപ്പിയടി അല്ല ഇന്സ്പിരഷന്‍)  ഉള്‍ക്കൊണ്ട്‌ സന്തോഷ്‌ പണ്ഡിറ്റ്‌ സാര്‍ എട്ടു പ്രസവം ചിത്രീകരിക്കുന്ന മലയാള സിനിമയുടെ ഒരു നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം..

Photo courtesy : keralaboxoffice.com