മെട്രിസ് ഫിലിപ്പിന് പ്രവാസി അവാര്‍ഡ്‌

0

സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് ലേഖകന്‍ മെട്രിസ് ഫിലിപ്പിന് പ്രവാസി പുരസ്കാരം. “കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്” എന്ന വിഷയത്തെ അധികരിച്ച് കേരള പ്രവാസി കോണ്‍ഗ്രസ്സിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ സംഘടിപ്പിച്ച ലേഖന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് പുരസ്കാരത്തിന് മെട്രിസ് ഫിലിപ്പ് അര്‍ഹനായത്.

കേരളത്തിലെ ഉഴവൂരില്‍ നിന്നുള്ള  മെട്രിസ് ഫിലിപ്പ്, ആനാലിപ്പാറയില്‍ ഫിലിപ്പ്‌-ശാന്തമ്മ ദമ്പതികളുടെ മകനാണ്. സെന്റ്‌ സ്റ്റീഫന്‍സ് ഫൊറാന ക്നാനായ കാത്തലിക് പള്ളി ഇടവകാംഗമായ മെട്രിസ്. കെ.സി.വൈ.എല്‍,  വൈ.എം.സി.എ ഉഴവൂര്‍, ക്നാനായ കാത്തോലികാ കോണ്‍ഗ്രസ്സ്, സീറോമലബാര്‍  കാത്തലിക് കമ്മ്യുണിറ്റി, സിംഗപ്പൂര്‍ ക്നാനായ കാത്തലിക്  കമ്മ്യുണിറ്റി തുടങ്ങി നിരവധി മത-സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍  പ്രവര്‍ത്തിക്കുകയും ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.

മെട്രിസ് ഫിലിപ്പിന്‍റെ നിരവധി ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി എക്സ്പ്രസ് സിംഗപ്പൂരിന്‍റെ  എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗമാണ്. മജു മെട്രിസ് ഭാര്യ, മക്കള്‍- മിഖായേല്‍, നാഥാനിയേല്‍.

പ്രവാസി പുരസ്കാരം ലഭിച്ച മെട്രിസിനെ ഡിസംബര്‍ 16നു പ്രവാസി എക്സ്പ്രസ്, കേരള ബന്ധു ഹാളില്‍ വെച്ച് സംഘടിപ്പിച്ച മലയാള കവിതാ ദിനത്തില്‍ ആദരിച്ചിരുന്നു. മെട്രിസ് ഫിലിപ്പിന്‍റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ പ്രവാസി പബ്ലിക്കേഷന്‍സ് എഡിറ്റ് ചെയ്ത് 2013 ല്‍ പുസ്തകമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആഗോളവ്യാപകമായി നടത്തപ്പെട്ട ഈ ലേഖന മത്സരത്തില്‍  ശ്രീ. റെജി തോമസ് ഒന്നാം സ്ഥാനവും ശ്രീമതി. ആനീസ് ജോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനുവരിയില്‍ കോട്ടയത്ത്‌ വെച്ചു പുരസ്കാരദാനം നടത്തുമെന്ന് കേരളാ പ്രവാസി കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിലൂടെ പ്രസിദ്ധനായ മെട്രിസ് ഫിലിപ്പിന്‍റെ തൂലികയില്‍നിന്ന് ഒട്ടനേകം ഈടുറ്റ ലേഖനങ്ങള്‍ വായനക്കാര്‍ക്ക്‌ ഇനിയും പ്രതീക്ഷിക്കാം.