ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മസാലക്കൂട്ട് നിര്‍മാതാക്കളായ എം.ഡി.എച്ച്.(മഹാശിയ ദി ഹട്ടി) മസാല കമ്പനി ഉടമ ധരംപാല്‍ ഗുലാട്ടി(98) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു മരണം. ഡല്‍ഹിയിലെ മാത ചനാന്‍ ദേവി ആശുപത്രിയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2019ല്‍ രാജ്യം ഇദ്ദേഹത്തെ പത്മഭൂഷന്‍ നല്‍കി ആദരിച്ചു. അടുപ്പമുള്ളവർ മഹാശയ്, ദാദാജി എന്നിങ്ങനെ വിളിച്ചിരുന്ന അദ്ദേഹം 1923ല്‍ പാകിസ്താനിലെ സിയാല്‍കോട്ടിലാണ് ജനിച്ചത്. സിയാൽകോട്ടിൽ പിതാവ് നടത്തിയിരുന്ന മസാല വ്യാപാരത്തില്‍ സഹായിച്ചു കൊണ്ടാണ് ഈ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തിയ ഗുലാട്ടി ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ മസാലക്കട തുടങ്ങി. . അഞ്ചാം ക്ലാസില്‍ പഠനം പൂര്‍ത്തീകരിക്കാനാകാതെയാണ് ബിസിനസ് രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. ആദ്യം ഡല്‍ഹിയില്‍ അരിയും സോപ്പും തുണിത്തരങ്ങളും വില്‍ക്കുകയായിരുന്നു ജോലി. തുടര്‍ന്ന് കരോള്‍ ബാഗില്‍ ഒരു കട തുടങ്ങി.
അവിടെനിന്നങ്ങോട്ടായിരുന്നു രുചിക്കൂട്ടുകളുടെ രാജാവായ ഇദ്ദേഹത്തിന്റെ വളർച്ചയാരംഭിക്കുന്നത്. കരോള്‍ബാഗിലെ ആ കടയില്‍നിന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന മസാല ബ്രാന്‍ഡായി എം.ഡി.എച്ച്. വളരുന്നതും. ആയിരം കോടിക്കു മുകളിലായിരുന്നു എം.ഡി.എച്ചിൻെറ വാര്‍ഷിക വരുമാനം. ദുബൈയിലും ലണ്ടനിലും ഓഫിസുകളുള്ള എം.ഡി.എച്ച് നൂറോളം രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്. എം.ഡി.എച്ച് മസാലപ്പൊടികളുടെ പരസ്യത്തിലും ഗുലാട്ടി പ്രത്യക്ഷപ്പെട്ടിരുന്നു.2018ല്‍ 25 കോടിരൂപയാണ് അദ്ദേഹം ശമ്പളമായി സ്വീകരിച്ചത്.മാഹാശ്യന്‍ ഡി ഹാട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചുരുക്കപ്പേരാണ് എംഡിഎച്ച് എന്നത്. എംഡിഎച്ചിന് രാജ്യത്ത് 15 ഫാക്ടറികളുണ്ട്.