തിരുവനന്തപുരം: കോട്ടയം പയസ് ടെൻത് കോൺവന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയുമാണ് ലഭിച്ചത്. പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തടവുശിക്ഷയ്‌ക്കൊപ്പം രണ്ട് പ്രതികളും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് ഫാ. തോമസ് കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴ അടയ്ക്കണം. ജഡ്ജി കെ.സനൽകുമാറാണ് വിധി പറഞ്ഞത്.
ഐ.പി.സി. 302, 201 വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. ഇതുകൂടാതെ, തെളിവ് നശിപ്പിച്ചതിന് ഫാ. തോമസ് കോട്ടൂരിന് ഏഴ് വര്‍ഷം തടവുശിക്ഷയും വിധിച്ചു. ശിക്ഷാവിധി കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സി.ബി.ഐ. കോടതിയില്‍ എത്തിയിരുന്നു. തെളിവു നശിപ്പിക്കലിന് ഇരുവർക്കും ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.പ്രതികൾ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത വിധം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരു]മെന്നും സിബിഐ കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിധി പ്രസ്താവത്തിനായി മുൻപായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയിൽ അന്തിമവാദം നടത്തി.
ഇരുപ്രതികളും കുറ്റക്കാരാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്നു ജഡ്ജി കെ.സനിൽകുമാർ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം ലക്ഷ്യമിട്ടു ഫാ. കോട്ടൂർ കോൺവന്റിൽ അതിക്രമിച്ചു കടന്നെന്നു വ്യക്തമായതായും ചൂണ്ടിക്കാട്ടി. 28 വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പുറത്തുവരുന്നത്.
മൂന്നാം പ്രതിയായ സെഫി ഇരയ്‌ക്കൊപ്പം താമസിച്ചിരുന്നയാളാണെന്നും അവരാണ് കൃത്യത്തില്‍ പങ്കാളിയായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതിനിടെ, ഇതൊരു ആസൂത്രിതമായകൊലപാതകമാണോ എന്ന് കോടതി ചോദിച്ചു. അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രോസിക്യൂഷന്റെ വാദത്തിനിടെ പ്രതികള്‍ മരണശിക്ഷ അര്‍ഹിക്കുന്നില്ലെന്നും കോടതി പരാമര്‍ശം നടത്തി.
കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ഫാ. കോട്ടൂരിനെ കോടതി അടുത്തേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ ആരായുകയും ചെയ്തു.ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ. സനില്‍കുമാര്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്.