തെറ്റിപ്പോയ അവസാനവാക്ക്; ഒപ്പം ചിരി; നൊമ്പരമായി അനിൽ

0

ഒരു ഞെട്ടലോടെയാണ് നടന്‍ അനില്‍ കുമാര്‍ നെടുമങ്ങാടിന്റെ വിയോഗവാര്‍ത്ത നാം കേട്ടത്. നാടകവേദി സിനിമയ്ക്ക് നൽകിയ മികവുറ്റ അഭിനയ പ്രതിഭ അതായിരുന്നു അനിൽ. 7 വർഷമായി സിനിമയിൽ ഉണ്ടെങ്കിലും അനിലിനെ ജനപ്രിയനടനാക്കിയത് സച്ചി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയും എന്ന സിനിമയാണ്.

അതിലെ പൊലീസ് വേഷം നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജിനും ബിജുമേനോനും ഒപ്പം നിൽക്കുന്നതായിരുന്നു. അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇതിനിടെ അനില്‍ നെടുമങ്ങാട് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ഇനിയും നല്ല നല്ല ഒരുപാട് കഥാപാത്രങ്ങത്രങ്ങൾ ചെയ്യാൻ ബാക്കിവെച്ച് അനിൽ വിടപറയുമ്പോൾ അയ്യപ്പനും കോശിയിലെ ആ ചിരി നമ്മെ നോവിലേക്ക് വീഴ്ത്തുകയാണ്. പൃഥ്വിരാജിനൊപ്പമുള്ള പൊലീസ് സ്റ്റേഷൻ രംഗം. കോശി കുര്യന്‍റെ കഴുത്തിൽ കുത്തിപ്പിടിച്ച് കത്തിക്കയറുന്ന ഡയലോഗിനൊടുവിൽ അവസാനവാക്ക് കയ്യിൽ നിന്ന് വഴുതിപ്പോയ എസ്ഐ സതീഷിനും കോശിക്കും പെട്ടെന്ന് ചിരി വരുന്നു. രണ്ടുപേരും തോളിൽ കൈ വച്ച് പൊട്ടിച്ചിരിക്കുമ്പോൾ ഷൂട്ടിന് ചെറിയ ഇടവേള. എസ്ഐ അയ്യപ്പൻ സല്യൂട്ട് ചെയ്യുന്നത് പരിശീലിക്കുമ്പോഴും ഇടയിൽ എസ്ഐ സതീഷിന് ചെറിയ ചിരി പൊട്ടുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഇടവേളകൾക്കിടയിൽ ഉള്ള ഈ ചെറുചിരികൾ പങ്കുവച്ചത് ചിത്രത്തിന്‍റെ അണിയറക്കാർ തന്നെയാണ്. വിഡിയോയിൽ പൊട്ടിച്ചിരിക്കുന്ന സംവിധായകൻ സച്ചിയെയും കാണാം. ഇന്ന് സച്ചിയും അനിലും ഈ ലോകത്ത് നിന്ന് വിടപറഞ്ഞിരിക്കുകയാണ്.

തൊടുപുഴയിൽ ജോജു ജോർജ് നായകനായ ‘പീസ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിലായിരുന്നു അനിൽ. ചിത്രത്തിൽ ഒരു മുഴുനീള പൊലീസുദ്യോഗസ്ഥന്‍റെ വേഷമായിരുന്നു അനിലിന്. വെള്ളിയാഴ്ച വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട് അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ ആഴക്കയത്തിൽപെട്ടതാണ് അപകടത്തിനിടയാക്കിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.