തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി: കർശന നിബന്ധനകൾ

0

തൃശൂര്‍∙ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെയാണ് അനുമതി നൽകിയത്. എഴുന്നള്ളിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാകണം. ആനയെ ആഴ്ചയില്‍ രണ്ടുതവണ മാത്രം എഴുന്നള്ളിക്കാം. നാലു പാപ്പാന്മാർ കൂടെ വേണമെന്നും നിര്‍ദേശമുണ്ട്.

നാട്ടാന പരിപാലനചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അനുമതി. ജനങ്ങളില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം പാലിക്കണം. പ്രത്യേക എലഫന്റ് സ്ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണമെന്നും ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജില്ലാഭരണകൂടം അനുമതി നല്‍കിയത്. ആന ഉടമ എന്ന നിലയിൽ രാമചന്ദ്രന്റെ എഴുന്നള്ളിപ്പു സമയത്തെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും.