സംസ്ഥാനത്തെ രണ്ടാമത്തെ സോളാര്‍ പാര്‍ക്കായ പൈവളികെ സോളാര്‍ വൈദ്യുതി പാര്‍ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി സോളാർ പാർക്കിന്റെ ഉൽഘാടനം നിർവഹിക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍. കെ. സിങ്, കേന്ദ്ര ഗാര്‍ഹിക നഗരകാര്യ മന്ത്രി ഹര്‍ദ്ദീപ് സിങ് പൂരി, സംസ്ഥാന വൈദ്യുതി മന്ത്രി എം. എം. മണി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എം. സി. കമറുദ്ദീന്‍ എംഎല്‍എ എന്നിവര്‍ സംബന്ധിക്കും.
സോളാര്‍ പാര്‍ക്കിലെ രണ്ടാമത്തെ പദ്ധതിയായ ഇത് കൊമ്മംഗളയില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ 250 ഏക്കര്‍ ഭൂമിയിലാണ് സ്‌ഥാപിച്ചത്. 50 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ടിഎച്ച്ഡിസി ഇന്ത്യാ ലിമിറ്റഡും കെഎസ്‌ഇബിയും ചേര്‍ന്നുള്ള സംയുക്‌ത സംരംഭമാണ് നടപ്പിലാക്കുന്നത്. കേന്ദ്ര പൊതുമേഖലാ കമ്പനിയായ തെഹരി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 240 കോടി രൂപയോളം മുതല്‍ മുടക്കിലാണ് പൈവളികെയിലെ സോളാര്‍ പ്ളാന്റ് സജ്ജമാക്കിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
സോളാർ പാർക്കിന് പുറമെ, കേരളത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. 2000 മെഗാവാട്ട് പുഗലൂര്‍ തൃശ്ശൂര്‍ പവര്‍ ട്രാൻസ്മിഷൻ പദ്ധതി,അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ്, തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റര്‍ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് വൈകീട്ട് നാലരയ്ക്ക് ഓൺലൈൻ വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതിയ പ്ലാന്റ് കൂടി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.