സിംഗപ്പൂര്‍ : ഇന്ത്യ-സിംഗപ്പൂര്‍ നാവിക സേനകള്‍ മെയ് 16 മുതല്‍ ചാംഗി നേവൽ ബേസിലും ദക്ഷിണ ചൈന കടലിലും ആയി നടത്തിവന്നിരുന്ന സംയുക്ത സൈനികാഭ്യാസം ഇന്നലെ സമാപിച്ചു. 'SIMBEX' (Singapore-Indian Maritime Bilateral Exercise) എന്ന് പേരിട്ടിരുന്ന ഈ അഭ്യാസത്തിന് സിംഗപ്പൂർ നാവിക സേനയിലെ 185 സ്ക്വാഡ്രണ്‍ കേണൽ ചിയോന്ഗ് ക്വോക് ചെയിനും ഇന്ത്യൻ നാവിക സേനയിലെ INS സത്പുര ക്യാപ്റ്റൻ സുധിൽ ഗോപാലകൃഷ്ണയും നേതൃത്വം നല്കി. 1994-ൽ ആരംഭിച്ച ഉഭയകക്ഷി നാവികാഭ്യാസം ഇതോടെ ഇരുപത് വര്‍ഷം പൂർത്തിയാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും ദീര്‍ഘവും ആയ സൈനികബന്ധത്തിനു അടിവരയിടുന്നതാണ് ഈ നാവികാഭ്യാസം എന്നു സിംഗപ്പൂര്‍ പ്രതിരോധ വകുപ്പ് (MINDEF ) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിലയിരുത്തപ്പെട്ടു. ഇരുരാജ്യങ്ങളിലെയും നാവികർക്ക് ഒരുമിച്ചു പ്രവർത്തിക്കുവാനും പരിശീലിക്കുവാനും, സൗഹൃദം പങ്കുവെക്കുവാനും ഇതിലൂടെ അവസരം ഒരുങ്ങി എന്ന് സ്ക്വാഡ്രണ്‍ കേണൽ ചിയോന്ഗ് ക്വോക് ചെയിൻ അഭിപ്രായപ്പെട്ടു. ഇത്തരം ഉഭയകക്ഷി അഭ്യാസങ്ങൾ കൂടാതെ എക്സ്ചെയിഞ്ച് പ്രോഗ്രാമുകൾ, നാവികപരിശീലന കോഴ്സുകൾ തുടങ്ങിയവയിലൂടെ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നാവിക ബന്ധങ്ങള്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്