ആമുഖം എഴുതാതെ ഈ ലേഖനം എഴുതുന്നത് ശരിയല്ലെന്ന് തോന്നിയതിനാല്‍ ആദ്യം തന്നെ പറയട്ടെ, പ്രിയ വായനക്കാരേ, ഈ ലേഖനത്തിന്‍റെ ഉദ്ദേശശുദ്ധി കളങ്കപ്പെടുത്തരുത്. മാനവീകതയും മനുഷ്യത്വവും അതിന്‍റെ മൂല്യങ്ങളുമാണ് ഇതിനടിസ്ഥാനം. മാറി വരുന്ന രാഷ്ട്രീയ ചലനങ്ങള്‍ ഇതിനൊരു പ്രേരക ശക്തിയായെന്നു മാത്രം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നു ഊറ്റം കൊള്ളുന്ന ഭാരതത്തില്‍ ശരാശരി മൂന്നു ദിവസങ്ങളില്‍ ഒന്നില്‍ ഒരു കുറ്റവാളി തൂക്കിലേറ്റാന്‍ വിധിക്കപ്പെടുന്നു എന്ന നഗ്ന സത്യം ഒരിക്കലും മൂടി വെക്കെണ്ടതല്ല. 2001 മുതല്‍ 2011 വരെയുള്ള വിധിന്യായങ്ങളില്‍ ആകെ 1455 പേര്‍ (ശരാശരി ഒരു വര്‍ഷം 132.37 ) ഈ ക്രൂരവിധിയ്ക്ക് ഇരയായിരിക്കുകയാണെന്ന സത്യം ഏതു മനുഷ്യ സ്നേഹിക്കും ഞെട്ടലുണ്ടാക്കുന്നതാണ്. ഇതിനോടകം തന്നെ 140 ലോകരാഷ്ട്രങ്ങള്‍ വധശിക്ഷ പൂര്‍ണ്ണമായി പിന്‍വലിക്കുകയോ 2000 മുതല്‍ വധശിക്ഷ വിധിക്കാതിരിക്കുകയോ ചെയ്തിരിക്കുന്നു.
തൂക്കിലേറ്റുവാന്‍ വേണ്ടി ആര്‍ത്തുവിളിക്കുന്ന ഒരു സമൂഹത്തിനു മുന്നില്‍ അടിയറ വെയ്ക്കെണ്ടാതാണോ നമ്മുടെ ഭാരതീയ നിയമ വ്യവസ്ഥയുടെ അന്ത:സത്ത? എന്ത് ശാസ്ത്രീയമായ അടിത്തറയാണ് വധശിക്ഷകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാമെന്ന വാദത്തിനുള്ളത്? മറ്റാരെയുമല്ല, ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊലചെയ്ത നാഥൂറാം ഗോഡ്സെ കൊല ചെയ്ത നീതി പീഠത്തിനു പിന്നീട് വരി വരിയായി വധിക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലകള്‍ തടയാന്‍ കഴിയാതെപോയത് എന്ത് കൊണ്ടാണ്? നമ്മുടെ നീതിന്യായവ്യവസ്ഥ വിഭാവനം ചെയ്യുന്നത് പടിപടിയായുള്ള ആന്തരികമായ മാറ്റമാണ്. അരുംകൊലകവിധികള്‍ പുനര്‍വിചിന്തനത്തിന്‍റെ വഴി കൊട്ടിയടയ്ക്കുകയല്ലേ സത്യത്തില്‍ ചെയ്യുന്നത്.
1980-ല്‍ ബച്ചന്‍ സിംഗ് കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധിന്യായത്തില്‍ വധശിക്ഷയ്ക്ക് വിധിക്കേണ്ട സാഹചര്യം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- “അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസുകളില്‍, സംശയഹേതുവില്ലാതെ തെളിയിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ മറ്റൊരു വഴിയുമില്ലാതിരിക്കുകയാണെങ്കില്‍ മാത്രം”. തെറ്റുകള്‍ മനുഷ്യ സഹജമാണ്; ഞാനും നിങ്ങളും ന്യായാധിപന്മാരും ആരും തന്നെ അതില്‍ പെടാത്തതല്ല. ഇതിനോടകം തന്നെ കഴുമരത്തില്‍ ഉറഞ്ഞുപോയ ആറു ജീവനുകളുടെ ആരും കൊലവിധികളില്‍ തങ്ങള്‍ക്കു തെറ്റുപറ്റിപ്പോയെന്ന് ന്യായാധിപന്മാര്‍ തന്നെ തുറന്നു സമ്മതിച്ചുകഴിഞ്ഞു. ആര്‍ക്കു തിരിച്ചു നല്‍കാന്‍ കഴിയും ആ ജീവന്‍റെ വില. വിലയിട്ട് വില്‍പനയ്ക്ക് വെയ്ക്കേണ്ട വസ്തുവാണോ ജീവതെജസ്സ്?. തിരുത്തപ്പെടാനാവാത്ത തെറ്റുകള്‍ ഒഴിവാക്കുകയല്ലേ നല്ലത്?
ഈ അടുത്ത കാലത്തായി വധശിക്ഷകള്‍ നടപ്പിലാക്കുന്നതില്‍ ഭരണകൂടം അസാമാന്യ തിടുക്കവും അവ്യക്തതയും കാട്ടുന്നു എന്നത് സ്പഷ്ടമാണ്. അഫ്സല്‍ ഗുരു എത്ര ഭീകരനുമാവട്ടെ, ഒരു പൌരനെന്ന നിലയില്‍ തൂക്കിലേറ്റപ്പെടുന്ന ദിവസം മുന്‍കൂട്ടി ആ വ്യക്തിയുടെ കുടുംബത്തിനെ അറിയിക്കുവാനുള്ള ഭരണഘടനാ ബാധ്യത നിഷ്കരുണം വിസ്മരിക്കപ്പെട്ടു. നീതി നടപ്പാക്കേണ്ട ഭരണകൂടം ആരെയാണ് ഭയപ്പെടുന്നത്? ഒരു ഭീകരനെ വധിച്ചത് സാധൂകരിക്കുവാന്‍ കര്‍ണാടക പോലിസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെ ദയാഹര്‍ജി ബഹുമാനപ്പെട്ട രാഷ്ട്രപതി തള്ളിയിരിക്കുന്നു. പ്രണബ് മുഖര്‍ജിക്കും സര്‍ക്കാരിനും മുഖം മിനുക്കാന്‍ ജീവന്‍റെ വെളിച്ചം തന്നെ വേണം !! ഇനിയും ദയാഹര്‍ജി കാത്തുകിടക്കുന്ന നൂറു കണക്കിനു ജീവനുകളുടെ ഗതി എന്താകും?
ബീഹാര്‍ (343), യു.പി. (458) എന്നിവിടങ്ങളെ അപേക്ഷിച്ച് നമ്മുടെ കൊച്ചു കേരളത്തില്‍ (24) വധശിക്ഷാവിധികളുടെ എണ്ണം തുലോം തുച്ഛമാണ്. ഈ വ്യത്യാസം കാട്ടുന്നത് ശിക്ഷകളുടെ എണ്ണത്തിലല്ല, മറിച്ച്, ജീവിത നിലവാരവും വിദ്യാഭ്യാസവും സംസ്കാരവും കുറ്റകൃത്യങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്. തെറ്റുകളുടെ മൂലകാരണം തേടി തിരുത്തുകയല്ലേ വേണ്ടത്?
ജീവനുവേണ്ടി മുറവിളി കൂട്ടുന്നത് പരിഷ്കൃത സമൂഹത്തിന് ഉത്തകുന്നതാണോ?
സൗദി അറേബ്യയിലെ വിധിന്യായങ്ങളില്‍ ഊറ്റം കൊള്ളുന്ന നമ്മള്‍ മനുഷ്യാവകാശ ലംഘനങ്ങളില്‍ എവിടെയാണ് ആ രാജ്യത്തിന്‍റെ സ്ഥാനം എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ആര്‍ഷഭാരത സംസ്കാരവും സംസ്കൃതിയും നമ്മെ പഠിപ്പിച്ചത് പൊറുക്കുവാനാണ്. വാത്മീകിയെയും അംഗുലീമാലയെയും നമുക്ക് മറക്കാതിരിക്കാം.
ഒറ്റവാചകം: “ഒരു കണ്ണിനു മറു കണ്ണ് എന്നത് ഒരു സമൂഹത്തെ ഒന്നാകെ അന്ധതയിലാഴ്ത്തുകയേയുള്ളൂ..” –എം.കെ. ഗാന്ധി.