മുഖ്യമന്ത്രിയും രാഷ്ട്രപതിയും ഇന്ന് കൊവിഡ് വാക്സീൻ സ്വീകരിക്കും

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്സിൻറെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാകും മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാവിലെ 11 മണിയോട് കൂടി മുഖ്യമന്ത്രി ആശുപത്രിയിലെത്തും. കൊവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിക്കുകയെന്നും വിവരം.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിയിലെ ആർമി ആശുപത്രിയിൽവെച്ചാകും വാക്സീൻ സ്വീകരിക്കുക. തിങ്കളാഴ്ച്ചയാണ് രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് വാക്സീൻ നൽകുന്ന രണ്ടാം ഘട്ട വാക്സിനേഷൻ തുടങ്ങിയത്. പ്രധാനമന്ത്രിയും നിരവധി കേന്ദ്രമന്ത്രിമാരും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വാക്സീൻ സ്വീകരിച്ചിരുന്നു. 25 ലക്ഷത്തോളം പേർ കോവിൻ ആപ്പിലൂടെ വാക്സിനേഷനായി രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് ആരോഗ്യ മന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.