പുകയോട് മല്ലടിച്ച് സിംഗപ്പൂര്‍ ; റെക്കോര്‍ഡുകള്‍ തകര്‍ത്ത് പിഎസ്ഐ 321-ഇല്‍

0
 
സിംഗപ്പൂര്‍ : ഇന്തോനേഷ്യയില്‍ നിന്നുള്ള പുകപടലം കൊണ്ട് സിംഗപ്പൂരിലെ അന്തരീക്ഷം കൂടുതല്‍ മാലിനീകരിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് .ബുധനാഴ്ച രാത്രി 10 മണിക്ക് എന്‍ ഇ എ (NEA) പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം പോലൂട്ടന്റ്റ്‌ സ്റ്റാന്‍ഡേര്‍ഡ് ഇന്ഡക്സ് (PSI) 321-ഇല്‍ എത്തിയിരിക്കുന്നു.കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴി വെക്കാവുന്ന രീതിയിലേക്ക് പുകപടലം രൂക്ഷമാകുന്നതില്‍ സിംഗപ്പൂര്‍ ജനത അസഹനീയമായ രോഷം രേഖപ്പെടുത്തിക്കഴിഞ്ഞു.കഴിഞ്ഞ 16 വര്‍ഷത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് സിംഗപ്പൂരിലെ പുകപടലം  എത്തിയിരിക്കുന്നത്.
 
 
വിളവെടുപ്പിനു ശേഷം ഏറ്റവും സൌകര്യപ്രദമായി കൃഷിയിടം സജ്ജമാക്കുന്നതിന് വേണ്ടി സുമാത്ര ഐലാന്‍ഡില്‍ വന്‍തോതില്‍ തീയിടുന്നതിന്റെ ഫലമായാണ് പുകപടലം സിംഗപ്പൂര്‍ ,മലേഷ്യ എന്നിവിടങ്ങളിലേക്ക് പടരുന്നത്.പ്രായമായവരിലും ,കുട്ടികളും വലിയ പ്രത്യാഖാതമുണ്ടാക്കുവാന്‍ വരെ വഴി വെക്കുന്ന ഈ പ്രശ്നത്തില്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ രൂക്ഷമായി ഇന്തോനേഷ്യയെ വിമര്‍ശിച്ചു.എത്രയും വേഗം ഇതിലൊരു പരിഹാരം കണ്ടെത്താന്‍ ഫോറിന്‍ മിനിസ്ട്രി വകുപ്പ് കൈകാര്യം ചെയ്യുന്ന കെ,ഷണ്മുഖം ഇന്തോനേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .
 
ഇക്കാര്യത്തില്‍  സിംഗപ്പൂര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇന്തോനേഷ്യന്‍ വനംവകുപ്പ് രംഗത്ത് വന്നത് ശ്രദ്ധേയമാകുന്നു.സിംഗപ്പൂര്‍ ,മലേഷ്യന്‍ ഉടമസ്ഥതയിലുള്ള കമ്പനികളാണ് വന്‍തോതില്‍ പണലാഭത്തിനുവേണ്ടി ഇത്തരത്തില്‍ കാട്ടുതീ ഉണ്ടാക്കുന്നതെന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ വാദം .പുകയുടെ അളവ് കുറയ്ക്കാന്‍വേണ്ടി പ്രതിരോധസേനയെ വിട്ടു നല്‍കാന്‍ സിംഗപ്പൂര്‍ സമ്മതിച്ചെങ്കിലും ഇന്തോനേഷ്യ അത് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
 
ഇതിനിടയില്‍ സിംഗപ്പൂരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവാണു രേഖപ്പെടുത്തുന്നത്.കൂടാതെ സിംഗപ്പൂര്‍ ജനത അവധിയെടുത്ത് മറ്റുരാജ്യങ്ങളിലേക്ക് മാറിനില്‍ക്കുന്നതും സര്‍ക്കാരിനു കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ് .ജോലിക്കാര്‍ക്ക് ആവശ്യമായ മാസ്ക്കുകള്‍ വിതരണം ചെയ്യാന്‍ മാനവവിഭവശേഷി മന്ത്രാലയം ആഹ്വാനം ചെയ്തുകഴിഞ്ഞു .ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .
 
 
464,300 ഹെക്ടര്‍ കൈവശമുള്ള GAR ഉള്‍പ്പെടെയുള്ള വന്‍കമ്പനികള്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ് ,ആവശ്യമെങ്കില്‍ ഇത്തരം കമ്പനികളുടെ ലൈസെന്‍സ് റദ്ദാക്കുവാന്‍ വരെയുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് .ആസിയാന്‍ ഉടമ്പടി പ്രകാരം ഇത്തരത്തില്‍ തീയിട്ടു കൃഷിസ്ഥലം വൃത്തിയാക്കുന്ന രീതിയ്ക്ക് അനുമതി ഇല്ലാതിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്കയിലാണ് അയല്‍രാജ്യങ്ങള്‍ .
 
പൊതുഅവധി പ്രഖ്യാപിച്ച് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട കരുതലുകള്‍ എടുക്കണമെന്ന് വിവിധ സംഘടനങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു .ക്ലിനിക്കുകളില്‍ തിരക്ക് വര്‍ധിച്ചു വരുന്നതായി റാഫേല്‍സ് മെഡിക്കല്‍ വക്താവ് അറിയിച്ചു .മാസ്ക്കുകളുടെ വില്‍പ്പന 80% വര്‍ധിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് .റോഡുകളിലെ അപകടസാധ്യത മുന്നില്‍കണ്ട് ജാഗ്രത പാലിക്കാന്‍ ട്രാഫിക്‌ പോലീസ് അറിയിച്ചിട്ടുണ്ട് .ഏതുവിധേനയും പരിഹാരമാര്‍ഗം കണ്ടെത്താന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധനത്തില്‍ ഊന്നല്‍ നല്‍കി പ്രശ്നപരിഹാരം കാണണമെന്ന നിലപാടിലാണ് ആസിയാന്‍ പ്രതിനിധികള്‍. .വരുംദിവസങ്ങളിലും പുകപടലം കൊണ്ട് അന്തരീക്ഷമലിനീകരണം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട് .