സിംഗപ്പൂര്‍ : വികസിതരാജ്യമായ സിംഗപ്പൂരില്‍ 16 വയസ്സിനു വിവാഹം നടന്നതിനു തെളിവുകള്‍ .എന്നാല്‍ സ്പെഷ്യല്‍ അനുമതിയോടുകൂടി സിംഗപ്പൂരില്‍ 16 വയസ്സില്‍ സ്ത്രീകള്‍ക്ക് കല്യാണം കഴിക്കാന്‍ നിയമം അനുവദിക്കുന്നു .സാധാരണഗതിയില്‍ പുരുഷന് 21-ഉം സ്ത്രീക്കള്‍ക്ക് 18-ഉം വയസ്സാണ് സര്‍ക്കാര്‍ നിയമാനുസൃതമായി അന്ഗീകരിക്കുന്നത് .എന്നാല്‍ ചില സാഹചര്യങ്ങളില്‍ 16 വയസ്സിലും കല്യാണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട് .16 വയസ്സില്‍ വിവാഹത്തിന് അനുമതി നല്‍കുന്ന വിഷയത്തില്‍ കേരളത്തില്‍ വന്‍ വിവാദങ്ങള്‍ ഉണ്ടായിരിക്കുകയാണ് .വികസിത രാജ്യങ്ങളില്‍ പോലും ഇതു നിയമപരമായി അന്ഗീകരിക്കുമ്പോള്‍ കേരളത്തില്‍ ഇതിനെ എതിര്‍ക്കുന്നതില്‍ കഴമ്പില്ലെന്നാണ് വാദം .
മറ്റെല്ലാ മതങ്ങളിലും സമുദായങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാണ്. പതിനാറാം വയസില്‍ പത്താം ക്ലാസ് പഠനം നടത്തുന്നവരാണ് മിക്ക പെണ്‍കുട്ടികളും. മറ്റു സമുദായങ്ങളിലെപ്പോലെ മുസലിം സമുദായത്തിലുള്ള പെണ്‍കുട്ടികളും പഠിപ്പില്‍ മിടുക്കു കാട്ടുന്നവരാണ്. പഠിച്ചു വളരേണ്ട പ്രായത്തില്‍ അവരെ കല്യാണപ്പെണ്ണാക്കുന്നത് അവരോടും വരാനിരിക്കുന്ന തലമുറയോടും ചെയ്യുന്ന അനീതിയാണ്.
മുസ്‌ലിം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പുരുഷന് 21 വയസ് തികയാതെയും സ്ത്രീക്ക് 18 വയസ് തികയാതെയും നടന്നിട്ടുള്ള മുസ്സീം വിവാഹങ്ങള്‍ക്ക് മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ അനുവദിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇത് പ്രകാരം പതിനാറ് വയസ്സിനു മുകളില്‍ നടക്കുന്ന മുസ്ലീം വിവാഹങ്ങള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കും.
16 വയസിന് മുകളില്‍ നടന്നിട്ടുള്ള വിവാഹങ്ങള്‍ മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസിന്റെ ഉത്തരവില്‍ വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാര്‍ ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ ഇതിനുശേഷവും മുസ്‌ലിം വധുവിന് 18 വയസ് തികഞ്ഞിട്ടില്ലെന്ന കാരണത്താല്‍ പല തദ്ദേശ രജിസ്ട്രാര്‍മാരും വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നില്ലെന്ന് സര്‍ക്കാരിന് പരാതി കിട്ടിയ സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍.
കേരള സര്‍ക്കാരിന്റെ തീരുമാനം സാമൂഹ്യവിരുദ്ധ പ്രവണതകള്‍ വര്‍ധിപ്പിക്കുമെന്ന് അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ആരോപിച്ചു. മാത്രമല്ല, സാമുദായികമായ പുതിയ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. അതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.എന്‍. സീമ എം.പിയും സെക്രട്ടറി കെ.കെ. ശൈലജയും ആവശ്യപ്പെട്ടു.
2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ നടത്തുന്ന രക്ഷിതാക്കള്‍ക്കും വിവാഹം നടത്തിക്കൊടുത്തവര്‍ക്കുമെതിരെ കേസെടുത്ത് നിയമനടപിടകളുമായി മുന്നോട്ട് പോകണമെന്നാണ് ചട്ടം.ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാമെന്നും നിയമത്തില്‍ പറയുന്നു. 18 വയസ്സ് തികയാത്തതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങിനെ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും വകുപ്പ് തന്നെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
പരാതി നല്‍കിയവര്‍ ശൈശവ വിവാഹ നിയമം ലംഘിച്ചവരാണെന്ന് വ്യക്തം. ഇത്തരക്കാര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിമപ്രകാരം കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.പകരം നിയമലംഘനത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തദ്ദേശ വകുപ്പിലെ രജിസ്ട്രാര്‍മാര്‍ ഇത് കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമായ നിര്‍ദേശവും ഉത്തരവിലുണ്ട്.2006ലെ ശൈശവ വിവാഹ നിയമം ലംഘിച്ച് വിവാഹം നടക്കുന്നത് മുസ്‌ലിം സമുദായത്തില്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് സമുദായങ്ങളിലും ഇത്തരം വിവാഹങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിം സമുദായത്തെ മാത്രം നിയമലംഘകരായി ചിത്രീകരിക്കുന്നത് സമുദായത്തെ അപമാനിക്കുന്നതിനാണെന്ന് പല മുസ്‌ലിം നേതാക്കള്‍ക്കിടയിലും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
"ഈ ഉത്തരവ് ഒരു പ്രത്യാഘാതവും ഉണ്ടാക്കുന്നില്ല. 16 വയസുള്ള പെണ്‍കുട്ടി പക്വമതിയാണെന്ന് പിതാവിന് തോന്നുകയും ആ കുട്ടിക്ക് സമ്മതവുമാണെങ്കില്‍ വിവാഹം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. ഇക്കാര്യത്തില്‍ മുസ്ലീം സമുദായത്തിന് ഒരു പ്രത്യേക ആനുകൂല്യമുണ്ട്. മറ്റു സമുദായങ്ങളും ഇത്തരത്തിലേക്ക് വരണമെന്നാണ് എന്‍റെ അഭിപ്രായം". ശ്രീ നാസര്‍ ഫൈസി കൂടത്തായി(എസ്കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി) പറഞ്ഞു .
"ഇത് പൊതു സിവില്‍ കോഡിന്‍റെ ലംഘനമാണ്. അടിസ്ഥാന സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതാണ്. ഒരു രാജ്യത്ത് ഒരു നിയമമല്ലാതെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും ഓരോ നിയമമായാല്‍ നമ്മുടെ സെക്യുലറിസം തന്നെ തകര്‍ന്നു പോകില്ലെ. ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്ന് പറയുന്നതില്‍ കാര്യമില്ല. സത്യവും ന്യായവും ആരു പറഞ്ഞാലും അത് അംഗീകരിക്കാന്‍ തയാറാവണം. അതാണു വേണ്ടത്. രാജ്യത്തിന്‍റെ പരമാധികാരം കാത്തു സൂക്ഷിക്കാനും നിയമങ്ങള്‍ പാലിക്കാനും ഓരോ പൗരനും കടമയുണ്ട്. അതിന് അവര്‍ തയാറാവുകയും വേണം. കാലങ്ങളായി തുടര്‍ന്നു വന്നിരുന്ന അനാചാരങ്ങളും ആചാര രീതികളും ഭാരതത്തിലുണ്ടായിരുന്നു. രാജ്യം വളര്‍ന്നപ്പോള്‍ വിദ്യഭ്യാസപരമായി ജനങ്ങള്‍ ഉദ്ബുദ്ധരായപ്പോള്‍ അത്തരം അനാചാരങ്ങള്‍ കുറഞ്ഞു വന്നു. അല്ലാത്തവയെ തടയാന്‍ നിയമങ്ങള്‍ കൊണ്ടു വന്നു. ഇത്തരം നിയമങ്ങള്‍ എല്ലാവരും പാലിച്ചേ പറ്റൂ". ശ്രീ.ശ്രീധരന്‍ പിള്ള( ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം) ഈ വിഷയത്തില്‍ പ്രതികരിച്ചു ഇപ്രകാരമാണ് .
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ വിവാദമായതോടെ പുതിയ നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറു മതിയെന്ന നിലപാടില്‍ത്തന്നെയാണ് സര്‍ക്കാര്‍. -.