ഇന്ന് ആഗസ്റ്റ് 15. ഇന്ത്യയുടെ 67-ാമത് സ്വാതന്ത്ര്യ ദിനം. സൂര്യന് അസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അടിമത്വത്തിന്റെ ചാട്ടവാറില്‍ നിന്നും ഭാരതജനതയ്ക്ക് മോചനത്തിന്റെ വീര ചരിതമെഴുതിയ ദിനത്തിന്റെ സ്മരണ പുതുക്കുന്ന ദിനം.
16-17 നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ കച്ചവടത്തിനായിട്ടാണ് യൂറോപ്യന്‍ കമ്പനികള്‍ എത്തിയത്. ആദ്യകാലത്ത്, ഇന്ത്യയില്‍ കച്ചവടാധിപത്യം നേടുന്നതിനായി വന്ന യൂറോപ്പുകാരില്ല് പ്രധാനമായിരുന്ന പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും പരസ്പരം മത്സരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. ഒടുവില്‍ മേല്‍ക്കൈ നേടിയത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയാണ്. അക്കാലത്ത് ഇന്ത്യയില്‍ പ്രബലമായിരുന്ന മുഗള്‍ സാമ്രാജ്യം തകര്ച്ചയിലായിരുന്നതും തല്ല്ഫലമായി നിരവധി ചെറുകിട നാട്ടുരാജ്യങ്ങളും നിലവില്‍ വന്നതും അവര്‍ ധനത്തിനും അധികാരത്തിനുമായി പരസ്പരം മത്സരിച്ചുകൊണ്ടിരുന്നതും ബ്രട്ടീഷുകാര്ര് ഇവിടെ കാലുറപ്പിക്കുന്നതിനു ഒരു അവസരമാക്കി മാറ്റി. ഈ മത്സരങ്ങളിലും യുദ്ധങ്ങളിലും ഇംഗ്ലീഷുകാര്‍ ചേരിചേരുകയും ഭരണകാര്യങ്ങളില്‍ ഇടപെടുകയും നാട്ടുരാജ്യങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു.
1757ലെ പ്ലാസി യുദ്ധത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി നാട്ടുരാജാക്കന്മാരെ നിഷ്കാസനം ചെയ്തുകൊണ്ട് നേരിട്ടു ഭരണം നടത്താന്‍ തുടങ്ങി. കമ്പനി ഭരണം, അന്നു വരെ നിലവിലുണ്ടായിരുന്ന സാമ്പത്തികക്രമം തകര്‍ക്കുകയും അതിരൂക്ഷമായ ചൂഷണം നടത്തുകയും ചെയ്തു. കര്‍ഷകരും കൈത്തൊഴില്‍ ചെയ്യുന്നവര്‍ക്കും തൊഴിലും വരുമാനവും നഷടപ്പെട്ടു. സമുദായങ്ങള്‍ ദരിദ്രരായി. വിദേശികളുടെ ഭരണത്തോട് അങ്ങനെ രൂക്ഷമായ അമര്‍ഷം ഉയര്‍ന്നുവന്നു.
ആദ്യകാലം മുതല്‍ തന്നെ കമ്പനി ഭരണത്തിനെതിരായി നിരവധി ജനപ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. പൊതുവെ, സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഭരണാധികാരികള്‍ ഉദ്യോഗസ്ഥപ്രമുഖരോടൊപ്പം തന്നെ കര്‍ഷകരും കൈത്തൊഴിലുകാരും അടങ്ങുന്ന ബഹുജനങ്ങളും ഈ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ആന്ധ്രയില്‍ വൈശ്യനഗരന്‍ രാജാക്കന്മര്‍ (1794) മൈസൂരില്‍ ധോണ്ട്ജിവാഗ് എന്ന് ഭരണാധികാരി (1800) മലബാറില്‍ പഴശ്ശിരാജാ (1800-05) തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ (1809) തമിഴ്നാട്ടില്‍ പൊളിഗറുകള്‍ (1801-15) കച്ചില്‍ നാടുവാഴികള്‍ (1818-32) അലിഗഡില്‍ തലൂക്ദാര്‍മാര്‍ (1814-17) ഹരിയാനയില്‍ ജാട്ടുമുഖ്യന്മാര്‍ (1824) തുടങ്ങിയവ അത്തരം പ്രക്ഷോഭങ്ങളില്‍ ചിലതാണ്.
കമ്പനി ഭരണത്തിനെതിരായി ഗോത്രകലാപങ്ങളും കര്‍ഷകസമരങ്ങളും നടന്നിട്ടുണ്ട്. പൊതുവെ ലളിതവും സുരക്ഷിതവുമായ ജീവിതം നയിച്ചിരുന്ന ഗോത്രവര്‍ഗ്ഗക്കാരെ നികുതിപിരിച്ചും കച്ചവടമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും ചൂഷണം ചെയ്തതാണ് ഗോത്രകലപങ്ങള്‍ക്കു കാരണം. ഇത്തരം കലാപങ്ങള്‍ ഇന്ത്യയിലുടനീളം വിവിധ ഗോത്രങ്ങളുടെ നേതൃത്വത്തിലാണ് നടത്തപ്പെട്ടത്.
1947-ല്‍ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെ ഓര്‍മ്മക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയില്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തല്‍ ഉണ്ടായിരിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയര്‍ത്തലും തുടര്‍ന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്. ഈ പ്രസംഗത്തില്‍ തന്റെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യം കഴിഞ്ഞവര്‍ഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്കുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയില്‍ അന്തരിച്ചവര്‍ക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അര്‍പ്പിക്കും.
വിപ്ലവത്തിലൂടെയും രക്തചൊരിച്ചിലിലൂടെയും സ്വാതന്ത്ര്യംസമരം നടത്തി രക്തസാക്ഷിത്വം കൈവരിച്ച ധീര നേതാക്കളെയും അധസ്ഥിതരുടെ മേല്‍ വരേണ്യതയുടെ അധീനത്വം അടിച്ചേല്പിച്ച ശ്വേത വര്‍ഗ്ഗക്കാര്‍ക്ക് നേരെ ശാന്തിയുടെയും സമാധാനത്തിന്റെയും മാര്‍ഗമായ അഹിംസയില്‍ അധിഷ്ടിതമായ അഭിപ്രായ സമരത്തിലൂടെ പോരാടി ലൌകീക സുഖങ്ങള്‍ തൃണവല്ഗണിച്ചു രാഷ്ട്ര നന്മയ്ക്കായി യത്നിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ത്യാഗോജ്വലമായ സംഭാവനകളെയും നമുക്ക് സ്മരിക്കാം.
സിംഗപ്പൂരില്‍ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ രാവിലെ പതാക ഉയര്‍ത്തല്‍ ചടങ്ങും സ്വാതന്ത്ര്യ ദിനാഘോഷവും ഉണ്ടായിരിക്കുന്നതാണ്.
ജയ് ഹിന്ദ്.