തിരുവനന്തപുരം: പ്രവാസി എക്സ്പ്രസിന്റെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കേരള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദനു സമ്മാനിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റൊന്മേന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രവാസി എക്സ്പ്രസ്സ് ചീഫ് എഡിറ്റര്‍ രാജേഷ് കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു .ജനറല്‍ മാനേജര്‍ എ ആര്‍ ജോസ് സന്നിഹിതരായിരുന്നു.
ഓഗസ്റ്റ് നാലിന് സിംഗപ്പൂര്‍ ബുക്കിത് മേരാ സ്പ്രിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി എക്സ്പ്രസ്സ് നൈറ്റ് -2013 ചടങ്ങില്‍ അദ്ദേഹം സ്വീകരിക്കാനിരിക്കുകയായിരുന്നു . ആരോഗ്യപ്രശ്നങ്ങളാല്‍ വി എസ്സിന് ചടങ്ങില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച വി എസ്സ് അവര്‍ക്കു വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നല്‍കാന്‍ താന്‍ സന്നദ്ധനാണെന്നു പറഞ്ഞു .
മലയാളഭാഷയും സംസ്കാരവും പ്രചരിപ്പിക്കാനും, പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും പ്രവാസി എക്സ്പ്രസ്സ് നടത്തുന്ന പ്രവര്‍ത്തങ്ങള്‍ മനസിലാക്കിയാണ് സിംഗപ്പൂരില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതെന്നു വി എസ് പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ അനാരോഗ്യം കാരണം പങ്കെടുക്കാതിരുന്നതിനാല്‍ പരിഭവം വേണ്ടെന്നും താമസിയാതെ പ്രവാസി എക്സ്പ്രസിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്നും സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പറഞ്ഞു .