കൊറോണവൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ലോകമെങ്ങും പിടിമുറുക്കുന്നതിനിടെ രാജ്യത്തെ സ്ത്രീകളോട് ഗർഭധാരണം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ ഭരണകൂടം. മഹാമാരി മാറുന്നതുവരെ ഗർഭം ധരിക്കുന്നത് നീട്ടിവെയ്ക്കാനാണ് ആവശ്യം. ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഗർഭിണികളായ വനിതകൾക്ക് കൂടുതൽ അപകടകരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്.
സ്ഥിതിഗതികൾ അൽപം കൂടി ശാന്തമാകുന്നത് വരെ ഗർഭധാരണം നീട്ടി വയ്ക്കുന്നതാവും ഉചിതമെന്ന് ബ്രസീലിൻറെ ആരോഗ്യകാര്യ മന്ത്രിയായ റാഫേൽ കമാര പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഗർഭിണികളിൽ വൈറസ് ബാധ ഉണ്ടായാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ക്ലിനിക്കൽ വിദഗ്ധരുടെ കണ്ടെത്തൽ. ജനിതകമാറ്റം വന്ന വൈറസ് ഗർഭിണികളെ എത്തരത്തിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ച് മന്ത്രാലയം വിശദമായ പഠനങ്ങൾ നടത്തി വരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണാ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പ്രസവ സമയം അടുത്ത സ്ത്രീകളിൽ മാത്രമാണ് രോഗം അപകടകരമെന്ന് വിലയിരുത്തപ്പെട്ടത്. എന്നാൽ നിലവിൽ ആദ്യ ട്രൈമെസ്റ്ററിലുള്ള ഗർഭിണികൾക്ക് പോലും രോഗം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗർഭധാരണം വൈകിപ്പിക്കണം എന്ന നിർദേശം മന്ത്രാലയം മുന്നോട്ടു വയ്ക്കുന്നത്.അതേസമയം യുകെയിൽ ഗർഭിണികൾക്ക് പ്രതിരോധകുത്തിവെപ്പുകൾ നൽകി തുടങ്ങിയിട്ടുണ്ട്.