ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന്‍

0

പമ്പയുടെ പുളിനങ്ങള്‍ താളതുടിപ്പില്‍ ഉണരാന്‍ ഇനി അധിക നേരമില്ല. ഓരോ മലയാളിയും വള്ളംകളി പെരുമ കേട്ടറിഞ്ഞ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്നാണ്. വള്ളംകളികളില്‍ ഏറ്റവും പഴമയും പാരമ്പര്യവും മഹിമയും നിറഞ്ഞ ഉത്സവം. 2009 ല്‍ നാല്പത്തി ഒന്‍പത് പള്ളിയോടങ്ങള്‍ നിരന്ന ജലമേളയില്‍ ഇക്കുറി അന്‍പത്തൊന്ന് ഓടങ്ങള്‍ അണിനിരക്കും. വഞ്ചി പാട്ടിന്‍റെ ഈരടി ഉയര്‍ത്തുന്ന ആവേശ കാഴ്ചയില്‍ തലകെട്ടില്‍ സ്വര്‍ണ്ണകൂറയും നടുവില്‍ കൊടിക്കൂറയും കുടയും ചൂടി നൂറിലേറെ മുണ്ടുടുത്ത് തോര്‍ത്തു കെട്ടിയ തുഴക്കാരുമായി രാജപ്രൌഡിയില്‍ എത്തുന്ന ചുണ്ടന്‍ വള്ളങ്ങള്‍ മലയാളിയുടെ കണ്മണികള്‍ ആണ്. ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാന്‍ ആകാത്ത സ്വകാര്യ അഹങ്കാരം.

ഉച്ചക്ക് ഒരു മണിക്ക് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പൊതു സംമ്മേളനവും അടൂര്‍ പ്രകാശ്‌ വള്ളം കളിയും,  പി ജെ ജോസഫ്‌ ജല ഘോഷയാത്രയും ഉത്ഘാടനം ചെയ്യും. വിജയികള്‍ക്ക് മന്നം ട്രോഫി നല്കും . ഘോഷയാത്രയിലെ വിജയിക്ക് ആര്‍ ശങ്കര്‍ സ്മാരക ട്രോഫി നല്കും . ഏറ്റവും നന്നായി പാടി തുഴയുന്ന പള്ളിയോടത്തിനു ആയിരിക്കും ഇത് നല്കുക.ആറന്മുള പാര്‍ത്ഥസാരഥി അമ്പലത്തിന്‍റെ അനുഗ്രഹത്തോടെ നടക്കുന്ന വള്ളം കളി ആറന്മുള പള്ളിയോട സേവാ സംഘം,  സമതിയുടെ മേല്‍നോട്ടത്തില്‍ ആണ് നടത്തി വരുന്നത്. ആറന്മുള വള്ളസദ്യയും പ്രസിദ്ധമാണ്.

കൃഷ്ണ പ്രതിഷ്ഠാ വാര്‍ഷികമായി കൊണ്ടാടുന്ന ഉത്സവത്തോടൊപ്പം ഭാഗവാന്‍ പമ്പ മുറിച്ചു കടന്നു എന്ന ഐദീഹ്യമായും വള്ളംകളി ബന്ധപ്പെട്ടിരിക്കുന്നു.

നൂറു അടിയോളം നീളം വരുന്ന ചുണ്ടന്‍ വള്ളങ്ങള്‍ക്ക്  ഇരുപത് അടിയോളം ഉയരവും നല്‍കാറുണ്ട്. വിവിധ കരക്കാരുടെ അഭിമാനമായി ജാതി മത ഭേദമില്ലാതെ പള്ളിയോടങ്ങള്‍ നീറ്റില്‍ ഇറക്കപ്പെടുന്നു. ഓരോ മത്സരത്തിനും മുന്‍പേ ഓടത്തിന്നു വേണ്ട എല്ലാ പരിചരണവും കാത്തു സൂക്ഷിക്കലും കരക്കാരുടെ മേല്‍നോട്ടത്തില്‍ നടത്തും. പള്ളിയോടങ്ങള്‍ നീരണിയുന്ന ദിനം ഒരു കരയുടെ ചെറു ഉത്സവം ആവാറുണ്ട്.

തിരെഞ്ഞെടുത്ത തുഴക്കാര്‍ക്ക് പ്രത്യേക ദിനചര്യയും  ഭക്ഷണക്രമവും ഉണ്ട്. തുഴക്കാരുടെ ആവശ്യങ്ങള്‍ നടത്തി കൊടുക്കാന്‍ ഒരു കര മുഴുവന്‍ കൂടെ നില്‍ക്കുന്നു. പുരുഷന്മാര്‍ക്ക് മാത്രമേ ചുണ്ടന്‍ വള്ളത്തില്‍ കയറാന്‍ പറ്റുള്ളൂ. മുണ്ടും തോര്‍ത്തും ആണ് വേഷം. ചില ടീമുകള്‍ വെള്ള ബനിയന്‍ ധരിക്കും. ചിട്ടയായ നിയമത്തില്‍ നിന്നാലേ ഒരേ താളത്തില്‍ ഓളങ്ങളെ മുറിച്ച് ഫിനിഷിംഗ് പോയിന്‍റ് കടക്കാന്‍ പറ്റുകയുള്ളു. മനസ്സും, കരുത്തും, പാട്ടും താളവും ഒത്തൊരുമയും ഒരേ ലക്ഷ്യത്തിനു മാര്‍ഗ്ഗം ഏകുമ്പോള്‍ കരയിലും ലോകം മുഴുവന്‍ ഉള്ള മലയാളികള്‍ക്കും അത് സിരകളില്‍ പടരുന്ന ആവേശമാകുന്നു.
 
നിരവധി വിദേശികളെ ആകര്‍ഷിക്കുന്ന ഈ പരമ്പരാഗത ഉത്സവം സര്‍ക്കാര്‍,ജില്ലാ,ടൂറിസം, വകുപ്പുകള്‍ ഒന്നിച്ചു നടത്തുന്നു. കൂടാതെ പള്ളിയോട സമിതി, കരക്കാര്‍,ദേവസ്വം,ഗ്രാമപഞ്ചായത് എന്നിവരും നേതൃത്വം നല്‍കുന്നു.

ആറന്മുള ഭഗവാന്‍റെ ചുണ്ടന്‍ വള്ളങ്ങള്‍ ആലോല തിരകളില്‍ നടനമാടുന്ന കാഴ്ച്ചക്കായി ഒരു നാടും, ഒരു ജനതയും കാത്തിരിക്കുന്നു. ആറാട്ടുപുഴ പള്ളിയോടവും കീഴുകരയും ജവഹര്‍ തായംകരിയും, ചെറുതനയും വള്ള പാടുകള്‍ മറ്റുള്ളവരെ പിന്‍തള്ളി മത്സരിക്കുന്ന പഴയ റേഡിയോ കമെന്ററി ഓര്‍മ്മയില്‍ ഉള്ള എല്ലാവരും കാത്തിരിക്കുന്നു.