ഇന്ത്യ മഹാത്മാ ഗാന്ധിയുടെ നൂറ്റി നാല്‍പ്പത്തി നാലാം ജന്മദിനം, ഗാന്ധി ജയന്തിയായി കൊണ്ടാടുമ്പോള്‍, ലോകം, ഈ സുദിനം അന്താരാഷ്‌ട്ര അഹിംസാദിനമായി ആചരിക്കുകയാണ്. ഈ മഹത്തരമായ വേളയില്‍ രാഷ്ട്ര പിതാവിന്‍റെ പ്രസക്തി ഓരോ ഇന്ത്യക്കാരനും ഉള്‍ക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഹിംസയുടെയും സത്യത്തിന്‍റെയും നീതിയുടെയും വെളിച്ചത്തില്‍ ഒരു ജനതയെ തന്നെ പുതു വിചാരധാരയിലേക്ക് നയിച്ച മഹാത്മാവ് കാട്ടിത്തന്ന ആ മൃദുലമായ ചിന്താ വഴികള്‍ക്ക് കാലാന്തരത്തില്‍ എന്താണ് സംഭവിച്ചത്. ലോക രാജ്യങ്ങള്‍ തൊഴുകൈകളോടെ ഓര്‍ക്കുകയും ഭക്തി നിറഞ്ഞ ബഹുമാനത്തോടെ സ്മരിക്കുകയും, യുവ തലമുറയ്ക്ക് പാഠമായി പറഞ്ഞു കൊടുക്കയും ചെയ്യ്യുന്ന മഹാത്മാവിന്‍റെ ചിന്താ തലങ്ങളെ ഒരു ഇന്ത്യക്കാരന് എങ്ങനെ മറക്കാനാവും. ഗാന്ധിയന്‍ തോട്സ് ലോകമെങ്ങും ഗാഢമായി വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഒരു കൂട്ടം ജനത അവയെല്ലാം മറന്ന് അക്രമത്തിന്‍റെയും, കൊലയുടെയും, ചതിയുടെയും, അക്രമ രാഷ്ട്രീയത്തിന്‍റെയും നീതികെടിന്‍റെയും കറുത്ത വഴിയില്‍ കൂടി നടക്കുന്നു. മഹാത്മാ ഗാന്ധിയെ ആരാധിക്കുന്ന ഒരു മനുഷ്യനും ഇത്തരം ഒരു ഇന്ത്യയെ സ്വപ്നത്തില്‍ പോലും കാണാന്‍ സാധിക്കില്ല.
മാട്ടിന്‍ ലൂതെര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, സ്റ്റീവ് ബികോ തുടങ്ങി ബരാക് ഒബാമ വരെയുള്ളവര്‍ക്ക് ബാപ്പു നല്‍കിയ ബൌദ്ധിക വെളിച്ചവും ഊര്‍ജ്ജവും സാന്മാര്‍ഗിക ചിന്താധാരയും കുറിച്ചു ലോകത്തിനു മുഴുവന്‍ അവര്‍ തന്നെ പറഞ്ഞു കൊടുത്തതാണ്.
അഹിംസ, മൂര്‍ച്ചയുള്ള ആയുധത്തെക്കാള്‍ മൂര്‍ച്ചയുള്ള ആയുധമാക്കി ഒരു സാമ്രാജ്യത്തിന്‍റെ തന്നെ കാരാളമായ തേര്‍വാഴ്ചയെ മൂടോടെ പിഴുതെറിയാന്‍ ബാപ്പുവിന് കഴിഞ്ഞത് സത്യത്തിന്‍റെയും, അഹിംസയുടെയും, നീതിയുടെയും വലിപ്പം തിരിച്ചറിഞ്ഞതുകൊണ്ടാണ്. അതിനു അസാമാന്യ പാണ്ഡിത്യമല്ല മറിച്ചു നിഷ്കളങ്കമായ ലാളിത്യമാണ് വേണ്ടത് എന്ന് തിരിച്ചറിവ് ആയിരുന്നു ബാപ്പുവിന്‍റെ ബലം.
ഒരു തുണ്ട് കൈത്തറി തുണി ഉടുത്ത് ഒരു തുണ്ട് മേല്‍ മുണ്ടും ചൂടി ഒരു രാഷ്ട്രത്തിന്‍റെ മനസ്സിലേക്ക് ഒരു ഊന്നു വടിയില്‍ ബാപ്പു നടന്നപ്പോള്‍ ആ വാക്കില്‍ വിശ്വസിച്ചു നിസ്സഹകരണവും നിരാഹാരവുമായി ഇന്ത്യയെ സ്വതന്ത്രയാക്കാം എന്നാരും സ്വപനം കണ്ടിരുന്നിരിക്കില്ല. എന്നാല്‍ നിസ്സഹരണ സമരങ്ങള്‍, നിരാഹാരങ്ങള്‍ നിസ്സഹായരാക്കി തൂത്തെറിഞ്ഞത്, തോക്കും ലാത്തിയും ക്രൂരതയും കൊടുതിയും കൊലയും കൊണ്ട് ഒരു ജനതയെ അടക്കി വാഴാന്‍ വന്ന അധികാര വെറിയന്മാരെ ആയിരുന്നു.
പതിനായിരങ്ങള്‍ പട്ടിണി കിടന്നും ജീവന്‍ നല്‍കിയും ബാപ്പുവിനോടൊപ്പം നിന്ന് നേടിയെടുത്ത ഭാരതാംബയുടെ മണ്ണില്‍ മനുഷ്യത്വം മരവിച്ച കാഴ്ചകള്‍ കൊണ്ട് നിറയ്ക്കുകയാണ് കലികാല സമകാലീന സംഭവങ്ങള്‍. എങ്ങും എവിടെയും കുംഭകോണങ്ങള്‍; പട്ടിണിപ്പാവങ്ങള്‍ വിശന്നു മരിക്കുന്ന നാട്ടില്‍ സര്‍ക്കാരിന്‍റെ പല ശതകോടികള്‍ കൊള്ള ചെയ്യുന്ന രാഷ്ട്രീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നു. ആരെയും പേടിക്കാതെ ആരും ചോദിക്കാനില്ലാതെ നാടിനെ കുട്ടിച്ചോറാക്കുന്ന ഇവര്‍ ദേശത്തിനെയോ രാഷ്ട്ര നന്മയെയോ, സത്യത്തെയോ, അഹിംസയെയോ, തെല്ലും വില കല്‍പ്പിക്കുന്നില്ല. ബാലഹത്യയും സ്ത്രീ പീഡനവും, ബലാത്സംഗവും നടക്കാത്ത ദിവസം ഇല്ലാതായിട്ടുണ്ട്.
ഇവിടെ ഗാന്ധിയന്‍ ചിന്താധാരക്ക് ഏറെ മൂല്യമുണ്ട്, അത് ഉള്‍കൊള്ളാനായി പുതു തലമുറ തയ്യാറാവണം. ഗാന്ധി വിചാരം ശിരസ്സിലേറ്റിയ ഒരുപറ്റം യുവ ജനത മുന്നിട്ടിറങ്ങിയാല്‍ എവിടെയും മാറ്റമുണ്ടാകും. അഹിംസയുടെ വഴിയില്‍ ഓരോരുത്തരിലും ഗാന്ധി പുനര്‍ജനിക്കുമ്പോള്‍ ആ വിപ്ലവകരമായ മാറ്റത്തില്‍ ഒരു രാഷ്ട്രം പുനര്‍ ജനിക്കും. ഗാന്ധിയന്‍ പ്രവര്‍ത്തങ്ങള്‍ കാട്ടിത്തരുന്ന ഹസാരെ വഴികള്‍ മാത്രം കണ്ടിട്ടുള്ള പുതു തലമുറയ്ക്ക് പഠിക്കാനും പിന്തുടരാനും ഏറെ ഉണ്ടാകും… ബാപ്പുവിന്‍റെ തുറന്ന പുസ്തകത്തില്‍ .ബാപ്പു ആരായിരുന്നു എന്നതിനേക്കാള്‍ ആ വിചാരധാര വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആ മാര്‍ഗ്ഗത്തില്‍ നമുക്ക് എന്ത് ചെയ്യാം എന്നതാവെട്ടെ ഈ ഗാന്ധി ജയന്തിയില്‍ യുവ തലമുറയുടെ ചിന്ത……..