മൂന്നാര്‍ : കള്ളനോട്ടുമായി പിടികൂടിയ മലേഷ്യന്‍ സ്വദേശികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു .കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി തുടരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു . കഴിഞ്ഞ ശനിയാഴ്ച മൂന്നാര്‍ എസ്ബിടിയില്‍ പണം നിക്ഷേപിക്കാനെത്തിയ ഇടപാടുകാരില്‍നിന്നും പിടിച്ചെടുത്ത കള്ളനോട്ടിന്റെ ഉറവിടം മലേഷ്യയാണെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
മലേഷ്യയില്‍ നിന്നും ഇന്ത്യയിലേക്കു വിനോദസഞ്ചാരത്തിനെത്തിയ 120 പേരടങ്ങുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ മൂന്നാറിലെ സ്വകാര്യ ആയുര്‍വേദ മസാജിംഗ് സെന്ററിനു നല്കിയ പണത്തിലാണ് ഒരേ സീരിയല്‍ നമ്പറില്‍പ്പെട്ട ആയിരത്തിന്റെ അഞ്ച് കള്ളനോട്ടുകള്‍ ഉണ്ടായിരുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോള്‍ മലേഷ്യയില്‍ നിന്നും പുറപ്പെടും മുമ്പേ അവിടെ ഒരു സ്വകാര്യ ബാങ്കില്‍നിന്നും മലേഷ്യന്‍ ഡോളര്‍ ഇന്ത്യന്‍ രൂപയായി മാറിയതായി ഇയാള്‍ പോലീസിനു മൊഴി നല്കി. മലേഷ്യയില്‍ പണം മാറിയപ്പോള്‍ ലഭിച്ച രസീതും ഇയാള്‍ പോലീസിനു നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത മലേഷ്യക്കാരന് അടക്കമുള്ള മൂന്നുപേര്‍ക്ക് പോലീസ് ജാമ്യം നല്കി. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥന് എസ്ഐ സോണി മത്തായി അറിയിച്ചു.