കേരളത്തിലും ശ്മശാനങ്ങള്‍ നിറയുന്നു; ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയില്‍ ശാന്തികവാടം

0

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ കുത്തനെ ഉയരുന്നതിന് പിന്നാലെ കേരളത്തിൽ ശ്‌മശാനങ്ങൾ നിറയുന്നു. തിരുവനന്തപുരം ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിക്കണമെങ്കിൽ ബുക്ക് ചെയ്‌ത് കാത്തിരിക്കണം. ശാന്തികവാടത്തിൽ ദിനംപ്രതി എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മൃതദേഹങ്ങളുടെ എണ്ണം ഉയരുന്നത് ജീവനക്കാർക്കും പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

പാലക്കാട് ചന്ദ്രനഗർ ശ്‌മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. വൈദ്യുതി ശ്‌മ‌ശാനത്തിൽ പ്രതിദിനം ശരാശരി പത്ത് മൃതദേഹങ്ങളാണ് ഇപ്പോൾ എത്തുന്നത്. കൊവിഡല്ലാത്ത മൃതദേഹങ്ങൾ ഒഴിവാക്കേണ്ടി വരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.

കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് ശ്‌മശാനത്തിൽ എത്തുന്നത്. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്‌മശാനത്തിൽ 17 മൃതദേഹങ്ങൾ സംസ്‌കരിക്കാൻ എത്തുന്നുണ്ട്. ഇവിടെയും തൃശൂരിലും നിലവിൽ വലിയ പ്രശ്‌നങ്ങളില്ല. എന്നാൽ മൃതദേഹങ്ങളുടെ എണ്ണം കൂടിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് അധികൃതർ പറയുന്നത്.